"നന്ദി ആൻഫീൽഡ്"- ലിവർപൂൾ ആരാധകർ നൽകിയ പിന്തുണക്കു നന്ദിയറിയിച്ച് റൊണാൾഡോ


പങ്കാളിയായ ജോർജിനോ റോഡ്രിഗസ് ജന്മം നൽകിയ ഇരട്ടക്കുട്ടികളിലെ ആൺകുട്ടി മരിച്ചതിന്റെ വേദനയിലൂടെ കടന്നു പോകുന്ന സമയത്തു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ആരാധകർ തനിക്കു നൽകിയ പിന്തുണക്ക് നന്ദിയറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലിവർപൂൾ ആരാധകർ നൽകിയ ആ നിമിഷം താനും തന്റെ കുടുംബവും ഒരിക്കലും മറക്കാൻ പോകുന്നില്ലെന്ന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിലാണ് റൊണാൾഡോക്ക് ആരാധകർ പിന്തുണ അറിയിച്ചത്. മത്സരത്തിന്റെ ഏഴാമത്തെ മിനുട്ടിൽ എഴുന്നേറ്റു നിന്നാണ് ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന റൊണാൾഡോക്ക് അവർ പിന്തുണ അറിയിച്ചത്. 'യു വിൽ നെവർ വാക്ക് എലോൺ' എന്ന ഗാനവും അവരപ്പോൾ ആലപിച്ചിരുന്നു.
"ഒരു ലോകം, ഒരു വിനോദം, ഒരു ആഗോള കുടുംബം.. നന്ദി ആൻഫീൽഡ്. ഞാനും എന്റെ കുടുംബവും ബഹുമാനത്തിന്റെയും അനുകമ്പയുടെയും ഈ നിമിഷം ഒരിക്കലും മറക്കാൻ പോകുന്നില്ല." മത്സരത്തിനിടെ ലിവർപൂൾ ആരാധകർ പിന്തുണ നൽകുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇട്ടതിനൊപ്പം റൊണാൾഡോ കുറിച്ചു. റൊണാൾഡോയുടെ സഹോദരിമാരും അമ്മയും ഇതിനു മുൻപേ നന്ദി പറഞ്ഞിരുന്നു.
മകന്റെ മരണത്തെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലിവർപൂളിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. താരത്തിന്റെ അഭാവത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവിയാണു വഴങ്ങിയത്. ഈ സീസണിൽ പ്രീമിയർ ലീഗിലെ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 9-0 എന്ന സ്കോറിനാണ് ലിവർപൂൾ ജനിച്ചിരിക്കുന്നത്.
അതേസമയം റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലനത്തിനായി തിരിച്ചു വന്നിട്ടുണ്ട്. ആഴ്സണലിനെതിരായ അടുത്ത മത്സരത്തിൽ താരം ഇറങ്ങുമെന്നാണ് പ്രതീക്ഷ. പ്രീമിയർ ലീഗ് ടോപ് ഫോറിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പൊരുതുന്ന ടീമാണ് ആഴ്സണൽ എന്നതിനാൽ മത്സരം വളരെ നിർണായകമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.