പ്രീമിയർ ലീഗ് എതിരാളികളിൽ നിന്നും ഓഫറുണ്ടെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തെ അറിയിച്ച് റൊണാൾഡോ


പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികളായ ടീമിൽ നിന്നും തനിക്ക് ഓഫറുണ്ടെന്നു ക്ലബ് നേതൃത്വത്തെ റൊണാൾഡോ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയ താരം തന്റെ ഭാവിയെക്കുറിച്ച് നടത്തിയ ചർച്ചകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ വെളിപ്പെടുത്തുന്നു.
റൊണാൾഡോയും താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസും മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ ക്ലബ് വിടാനുള്ള താൽപര്യം ഒരിക്കൽക്കൂടി വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ റൊണാൾഡോക്കായി ഇപ്പോഴും ഒരു ഓഫർ നിലനിൽക്കുന്നുണ്ടെന്നും താരത്തിന്റെ ട്രാൻസ്ഫർ ഫീസ് തീരുമാനിക്കണമെന്നും മെൻഡസ് ക്ലബിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം റൊണാൾഡോക്കായി ഏതു പ്രീമിയർ ലീഗ് ക്ലബാണ് രംഗത്തുള്ളതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ്, ചെൽസി, നാപ്പോളി എന്നീ ക്ലബുകൾക്കാണ് താരത്തെ സ്വന്തമാക്കാൻ സാധ്യത കൽപ്പിച്ചിരുന്നതെങ്കിലും അതിൽ മിക്ക ക്ലബുകളും താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു.
അതേസമയം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തന്നെയാണ് കൂടുതൽ താൽപര്യപ്പെടുന്നത് എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ താരത്തെ ഈ സമ്മറിൽ വിട്ടുനൽകാൻ താല്പര്യമില്ലെന്നും കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടാമെന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്പര്യം.