ഒഴികഴിവുകളില്ല, പോർച്ചുഗൽ ഖത്തർ ലോകകപ്പിൽ കളിക്കുമെന്ന ഉറപ്പു നൽകുന്ന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Portugal v Serbia - 2022 FIFA World Cup Qualifier
Portugal v Serbia - 2022 FIFA World Cup Qualifier / Gualter Fatia/GettyImages
facebooktwitterreddit

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം പോർച്ചുഗൽ, റൊണാൾഡോ ആരാധകർക്കും ടീമംഗങ്ങൾക്കും കനത്ത നിരാശ തന്നെയാണ് സമ്മാനിച്ചതെന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പിനു യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതിയായിരുന്ന പോർച്ചുഗൽ അവസാന നിമിഷത്തിൽ മിട്രോവിച്ച് നേടിയ ഗോളിൽ തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥയിലേക്ക് വീഴുകയായിരുന്നു.

തോൽവിയോടെ യോഗ്യത ഉറപ്പിക്കാനുള്ള അവസരം നഷ്‌ടമായി എങ്കിലും ഖത്തർ ലോകകപ്പിന് പോർച്ചുഗൽ ഉണ്ടാകുമെന്ന ഉറപ്പു നൽകുകയാണ് ടീമിന്റെ നായകനും ലോകഫുട്ബോളിലെ സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത സന്ദേശത്തിലാണ് തോൽ‌വിയിൽ നിരാശരായ ആരാധകർക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി റൊണാൾഡോയെത്തിയത്.

"വിജയത്തിന്റെ പാത പലപ്പോഴും തകർച്ചയിലേക്കുള്ളതു കൂടി ആയിരിക്കുമെന്ന് ഫുട്ബോൾ ഓരോ സമയത്തും കാണിച്ചു തന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഫലം കടുപ്പമായിരുന്നു, എന്നാൽ ഞങ്ങളെ താഴെയിറക്കാൻ അതു പര്യാപ്‌തമല്ല."

"2022 ലോകകപ്പിൽ പങ്കെടുക്കുക എന്ന ലക്ഷ്യം ഇപ്പോഴും സജീവമാണ്. അവിടെയെത്താൻ എന്താണ് ചെയ്യേണ്ടതെന്നു ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഒഴികഴിവുകളില്ല, പോർച്ചുഗൽ ഖത്തറിലേക്ക് പോകും." ഇൻസ്റ്റാഗ്രാം സന്ദേശത്തിൽ റൊണാൾഡോ കുറിച്ചു.

റൊണാൾഡോയും സംഘവും ഖത്തറിൽ ഉണ്ടാകുമോ എന്നു വ്യക്തത വരുത്താനുള്ള മത്സരങ്ങൾ മാർച്ച് 24 മുതൽ 29 വരെയാണ് നടക്കുക. പ്ലേ ഓഫ് ഗ്രൂപ്പിൽ നടക്കുന്ന ഒരു സെമി ഫൈനലിലും ഫൈനലിലും ഇതിനായി പോർച്ചുഗൽ വിജയിക്കേണ്ടതുണ്ട്. പ്ലേ ഓഫിൽ പോർച്ചുഗലിന്റെ എതിരാളികൾ ആരൊക്കെയാണെന്ന് അറിയാനുള്ള നറുക്കെടുപ്പ് ഈ മാസം ഇരുപത്തിയാറിനാണ് നടക്കുക.

facebooktwitterreddit