Football in Malayalam

"എന്നെയെന്തിനാണ് പിൻവലിക്കുന്നത്?"- പ്രീമിയർ ലീഗ് മത്സരത്തിനിടെ റാങ്നിക്കിനോട് അതൃപ്‌തി പ്രകടിപ്പിച്ച് റൊണാൾഡോ

Sreejith N
Brentford v Manchester United - Premier League
Brentford v Manchester United - Premier League / Marc Atkins/GettyImages
facebooktwitterreddit

ബ്രെന്റഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ തന്നെ പിൻവലിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്കിന്റെ തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ടീമിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ആന്റണി എലാങ്ക, മേസൺ ഗ്രീൻവുഡ്‌, റാഷ്‌ഫോഡ് എന്നിവരുടെ ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനുട്ടിലായിരുന്നു റൊണാൾഡോയെ പിൻവലിച്ചത്.

മത്സരത്തിൽ മേസൺ ഗ്രീൻവുഡ്‌ നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തിയതിനു പിന്നാലെയാണ് റൊണാൾഡോ പിൻവലിക്കപ്പെട്ടത്. രണ്ടു ഗോൾ ലീഡ് നേടിയതോടെ ഹാരി മാഗ്വയറിനെ ഇറക്കി ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള റാങ്നിക്കിന്റെ തീരുമാനം പക്ഷെ റൊണാൾഡോക്ക് സ്വീകാര്യമായിരുന്നില്ല. "എന്നെ പിൻവലിക്കുന്നത് എന്തിനാണ്?" എന്നു ചോദിച്ച് അതൃപ്‌തിയോടെ കളിക്കളം വിട്ട താരം ജാക്കറ്റ് നിലത്തെറിഞ്ഞ് തന്റെ രോഷം പ്രകടമാക്കുകയും ചെയ്‌തു.

റൊണാൾഡോയുടെ രോഷം കണ്ട ജർമൻ പരിശീലകൻ താരത്തെ ഏതാനും വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്‌തു. മത്സരത്തിനു ശേഷം ഇതേക്കുറിച്ച് പ്രതികരിച്ച റാൾഫ് റാങ്നിക്ക് ഗോളുകൾ നേടാൻ കഴിയാതെ വരുമ്പോൾ റൊണാൾഡോയെ പോലൊരു താരം ഇത്തരത്തിൽ പ്രതികരിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ദിവസങ്ങളോളം പരിക്കിന്റെ പിടിയിലായി പിന്നീട് കളിക്കളത്തിൽ വന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ എന്ന നിലക്കാണ് താരത്തെ പിൻവലിച്ചതെന്നും വ്യക്തമാക്കി.

ഹിപ്പ് ഇഞ്ചുറി മൂലം ജനുവരി മൂന്നു മുതൽ ക്ലബിനു വേണ്ടി ഒരു മത്സരത്തിലും റൊണാൾഡോ കളിച്ചിട്ടില്ല. അതേസമയം ഇന്നലെ നേടിയ വിജയം കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് മത്സരത്തിലും വിജയം കാണാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതാണ്. എന്നാൽ വിജയം നേടിയെങ്കിലും ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും 35 പോയിന്റുമായി ഇപ്പോഴും ലീഗിൽ ഏഴാം സ്ഥാനത്തു തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit