Serie A

ഹാട്രിക്ക് നേട്ടത്തിന് മുൻപേ റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകി പുറത്താക്കേണ്ടതായിരുന്നുവെന്ന് കാഗ്ലിയാരി പ്രസിഡന്റ്

Sreejith N
FBL-ITA-SERIEA-CAGLIARI-JUVENTUS
FBL-ITA-SERIEA-CAGLIARI-JUVENTUS / ALBERTO PIZZOLI/Getty Images
facebooktwitterreddit

പോർട്ടൊയെ മറികടക്കാൻ കഴിയാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായതിന്റെ ക്ഷീണം മറികടക്കുന്ന പ്രകടനമാണ് കാഗ്ലിയാരിക്കെതിരെ ക്രിസ്ത്യാനോ റൊണാൾഡോ കാഴ്‌ച വെച്ചത്. മുപ്പത്തിരണ്ട് മിനുട്ടിൽ പെർഫെക്ട് ഹാട്രിക്ക് നേടിയ താരത്തിന്റെ മികവിലാണ് യുവന്റസ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ഇതോടെ സീരി എ ടോപ് സ്കോറർമാരിൽ ഇരുപത്തിമൂന്നു ഗോളോടെ മുന്നിലെത്താനും താരത്തിനായി.

എന്നാൽ ആ ഹാട്രിക്ക് നേട്ടം റൊണാൾഡോ അർഹിച്ചിരുന്നില്ലെന്നാണ് കാഗ്ലിയാരി പ്രസിഡന്റായ ടോമാസോ ജിയൂലിനി പറയുന്നത്. മത്സരത്തിൽ യുവന്റസ് ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോൾ, പന്ത്രണ്ടാം മിനുട്ടിൽ ഗോൾകീപ്പറായ അലെസിയോ ക്രാഗ്നോയെ ചവുട്ടിയതിനു റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകണമായിരുന്നു എന്നാണ് ജിയൂലിനി മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് അഭിപ്രായപ്പെട്ടത്.

"ഞങ്ങൾ മികച്ച പ്രകടനം ആദ്യപകുതിയിൽ കാഴ്ച വെച്ചില്ല. ആത്മാർത്ഥതയും ആവേശവും ഞങ്ങൾക്കുണ്ടായിരുന്നില്ല. എന്നാൽ സ്പെസിയക്കെതിരായ അടുത്ത മത്സരത്തിൽ ടീമിന്റെ മനോഭാവം തന്നെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു മഞ്ഞക്കാർഡ് പോലും ലഭിച്ചില്ലെന്നത് ഞങ്ങളുടെ പ്രകടനത്തിന്റെ നിലവാരം കാണിക്കുന്നു."

"മത്സരത്തെ ടീമിലെ താരങ്ങൾ സമീപിച്ച രീതിയിൽ ഞാൻ അസ്വസ്ഥനാണ്. എന്നാൽ എനിക്ക് അതിനേക്കാൾ നിരാശ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകാത്ത നടപടിയോടാണ്, അത് മത്സരത്തിന്റെ ഗതിയെ തന്നെ മറ്റുമായിരുന്നു. അതൊരു അപകടകരമായ ഫൗൾ ആയിരുന്നു. ഗോൾകീപ്പറുടെ സുരക്ഷയെ അപായപ്പെടുത്തുന്ന ഇത്തരം ഫൗളിന് ചുവപ്പുകാർഡ് നൽകണമെന്നാണ് നിയമം പറയുന്നത്." ജിയൂലിനി വ്യക്തമാക്കി.

മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചിരുന്നെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരായ വിമർശനങ്ങളെ ഒന്നുകൂടി ശക്തമാക്കുമായിരുന്നു. നിലവിൽ തന്നെ താരം സീസണ് ശേഷം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. റയൽ മാഡ്രിഡിലേക്ക് താരം തിരിച്ചെത്തുമെന്ന വാർത്തകളും സജീവമായിട്ടുണ്ട്.

facebooktwitterreddit