ലോകകപ്പ് പ്ലേ ഓഫ് ഫൈനലിനൊരുങ്ങുന്ന പോർച്ചുഗൽ താരങ്ങൾക്ക് റൊണാൾഡോയുടെ മുന്നറിയിപ്പ്


തുർക്കിക്കെതിരെ നേടിയ വിജയത്തോടെ ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ ഇടം നേടിയെങ്കിലും ടീമിലെ സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വിജയം കൊണ്ട് ഒന്നും നേടിയിട്ടില്ലെന്നും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും പ്ലേ ഓഫ് ഫൈനലിനെക്കുറിച്ച് സൂചിപ്പിച്ച് റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.
ഒറ്റാവിയോ, ഡിയാഗോ ജോട്ട എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ മുന്നിലെത്തിയ പോർചുഗലിനെതിരെ ബുറാഖ് യിൽമാസിലൂടെ തുർക്കി ഒരു ഗോൾ തിരിച്ചു നേടിയെങ്കിലും ഇഞ്ചുറി ടൈമിൽ മാത്തേയൂസ് നുനസ് പോർച്ചുഗലിന്റെ വിജയമുറപ്പിച്ചു. എൺപത്തിയഞ്ചാം മിനുട്ടിൽ തുർക്കിക്ക് ലഭിച്ച പെനാൽറ്റി യിൽമാസ് പുറത്തേക്കടിച്ചു കളഞ്ഞത് പോർച്ചുഗലിന് വലിയ ആശ്വാസമാണ് നൽകിയത്.
Está dado o primeiro passo rumo ao nosso grande objectivo, rumo ao Mundial 2022. Nada está ganho, nada está alcançado. Temos de continuar a trabalhar de forma séria e focada, respeitando o adversário mas acreditando sempre nas nossas capacidades. Força Portugal! Rumo ao Catar! ?? pic.twitter.com/TO8IFKcC9v
— Cristiano Ronaldo (@Cristiano) March 24, 2022
"2022 ലോകകപ്പിലേക്കെന്ന നമ്മുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെച്ചു കഴിഞ്ഞു. ഒന്നും വിജയിച്ചിട്ടില്ല, ഒന്നും നേടിയിട്ടുമില്ല. ഞങ്ങൾ ഗൗരവത്തോടെയും ശ്രദ്ധ കേന്ദ്രീകരിച്ചും ജോലി തുടരേണ്ടതുണ്ട്. സ്വന്തം കഴിവുകളിൽ വിശ്വസിച്ചും എതിരാളികളെ ബഹുമാനിച്ചും പോർച്ചുഗലിനെ കൂടുതൽ കരുത്തരാക്കി ഖത്തറിലേക്ക് മുന്നേറുക." റൊണാൾഡോ മത്സരത്തിനു ശേഷം ട്വിറ്ററിൽ കുറിച്ചു.
അട്ടിമറി വിജയവുമായി ഇറ്റലിയെ ലോകകപ്പിൽ നിന്നും പുറത്താക്കിയ നോർത്ത് മാസിഡോണിയയാണ് പ്ലേ ഓഫ് ഫൈനലിൽ എതിരാളികളെന്നത് പോർചുഗലിനു കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ജർമനി, ഇറ്റലി എന്നിവരെ ഇത്തവണ തോൽപിച്ച ചരിത്രമുള്ള അവരെ നിസാരമായി കണക്കാക്കാൻ കഴിയില്ല.
മാർച്ച് ഇരുപത്തിയൊമ്പതിനു രാത്രി 12.15നാണ് പോർച്ചുഗലും നോർത്ത് മാസിഡോണിയയും തമ്മിലുള്ള മത്സരം നടക്കുന്നത്. അതിനിർണായകമായ മത്സരങ്ങളിൽ ഇരട്ടി കരുത്തു കാണിക്കുന്ന റൊണാൾഡോയിൽ തന്നെയാണ് പോർച്ചുഗലിന്റെ പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.