Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ സോൾഷെയറിനു സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിന്റെ ഭാവി ജീവിതത്തിനു എല്ലാവിധ ആശംസകളും നേരുന്ന സന്ദേശവുമായി ടീമിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയയിലൂടെ സോൾഷെയറിനു തന്റെ സന്ദേശം നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണെന്നും കുറിച്ചു.

ഈ സീസണിലെ മോശം ഫോമിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സോൾഷെയറിനെ പുറത്താക്കിയത്. പ്രീമിയർ ലീഗിൽ നടന്ന അവസാന അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം നടന്ന മത്സരത്തിൽ വാട്ഫോഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം ക്ലബ് ഉറപ്പിച്ചത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ക്ലബ് മോശം ഫോമിൽ തുടരുമ്പോഴും ഒലെക്കു കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്നു. മുൻപ് ഒലെക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച് നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുള്ള റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ച സന്ദേശം ഇങ്ങിനെയായിരുന്നു.

"ഞാനാദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്ന സമയത്ത് എന്റെ സ്‌ട്രൈക്കറായിരുന്ന അദ്ദേഹം ഞാൻ രണ്ടാമത് വന്നപ്പോൾ എന്റെ പരിശീലകനുമായിരുന്നു. എന്നാൽ അതിനുമപ്പുറത്ത് ഒലെ വളരെ നല്ലൊരു മനുഷ്യനാണ്. ജീവിതം കാത്തുവെക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അദ്ദേഹത്തിനു ഞാൻ നന്ദി പറയുന്നു. എല്ലാ സൗഭാഗ്യങ്ങളുമുണ്ടാകട്ടെ സുഹൃത്തേ, നിങ്ങളത് അർഹിക്കുന്നു."

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെക്ക് പകരക്കാരനായി വളരെ പെട്ടന്നൊരു താരം എത്താനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മൈക്കൽ കാരിക്കിനാണ് ടീമിന്റെ പരിശീലക ചുമതല നൽകിയിരിക്കുന്നത്. ഈ സീസണു ശേഷമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരം പരിശീലകനെ നിയമിക്കുക.

facebooktwitterreddit