"ഗോളുകളുടെ എണ്ണം ഇവിടെ അവസാനിപ്പിക്കുന്നില്ല"- ചരിത്രനേട്ടം കുറിച്ചതിനു ശേഷം ആരാധകർക്ക് സന്ദേശവുമായി റൊണാൾഡോ


അയർലണ്ടിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോളുകൾ നേടി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി റൊണാൾഡോ. ആദ്യപകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ റൊണാൾഡോ രണ്ടാം പകുതിയിലാണ് ഇരട്ടഗോളുകളും ടീമിന് വിജയവും സമ്മാനിച്ചത്. നേട്ടത്തിൽ അഭിമാനമുണ്ടെന്നു പറഞ്ഞ താരം ഇനിയും ഗോളുകൾ വരാനിരിക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കുറിച്ചു.
"എന്റെ കരിയറിൽ ഞാൻ തകർത്ത എല്ലാ റെക്കോർഡുകളിലും വെച്ച്- യാദൃശ്ചികവശാൽ അതു കുറച്ചെണ്ണമുണ്ട്- ഇതു വളരെ സ്പെഷ്യലായ റെക്കോർഡാണ്. എന്റെ ഷെൽഫിലിരിക്കുന്ന റെക്കോർഡ് നേട്ടങ്ങളിൽ എനിക്ക് ഏറ്റവുമധികം അഭിമാനം തരുന്നതും ഇതായിരിക്കും."
"ആദ്യമായി, ഓരോ തവണ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും എനിക്കു വളരെ പ്രത്യേകതകളുള്ള നിമിഷമാണ്. പോർചുഗലിനു വേണ്ടി പോരാടുന്നതും, പോർചുഗലിലുള്ളവർ എന്താണെന്നു ലോകത്തോട് കാണിക്കുന്നതും അതിലൂടെയാണെന്ന് ഞാൻ മനസിലാക്കുന്നു. രണ്ടാമതായി, ദേശീയ ടീമിനു വേണ്ടിയുള്ള മത്സരങ്ങൾ എന്നിൽ പ്രത്യേക തരം സ്വാധീനം വളർന്നു വരുമ്പോൾ തന്നെ ചെലുത്തിയിട്ടുണ്ട്. ഓരോ തവണയും ഞാൻ ആരാധിക്കുന്ന താരങ്ങൾ യൂറോസിലും ലോകകപ്പിലും ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോഴും അതുണ്ടാകുന്നു."
"എല്ലാറ്റിലുമുപരിയായി, പോർചുഗലിനു വേണ്ടി 111 ഗോളുകൾ നേടിയത് ഇന്ന് അൽഗാർവിൽ ഞങ്ങൾ അനുഭവിച്ചതു പോലെയുള്ള 111 നിമിഷങ്ങളാണ് നൽകുന്നത്. അതു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പേർക്കും പോർച്ചുഗീസ് പൗരന്മാർക്കും സന്തോഷം നൽകുന്നതാണ്. അവരെ സംബന്ധിച്ച് ഓരോ ത്യാഗവും വിലപ്പെട്ടതാണ്."
"ഈ നേട്ടത്തെ ഞാൻ വിലമതിക്കുന്നതിനുള്ള മറ്റൊരു കാരണം അലി ദേയി അത് വളരെ ഉയരത്തിൽ സ്ഥാപിച്ചതു കൊണ്ടാണ്. ചില സമയങ്ങളിൽ അതിലേക്കെത്താൻ ഒരിക്കലും കഴിയില്ലെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഇത്രയും കാലം റെക്കോർഡ് കൈവശം വെച്ചതിനു 'ഷാരിയറിനു' അഭിവാദ്യങ്ങൾ. ഓരോ തവണ ഗോൾ നേടി ഞാൻ റെക്കോർഡിന് അടുത്തെത്തുമ്പോഴും എനിക്കു നൽകിയ പിന്തുണക്കും നന്ദി."
"പോർചുഗലിനും ഈ യാത്ര അവിസ്മരണീയമാക്കിയ എന്റെ എല്ലാ ടീമംഗങ്ങൾക്കും നന്ദി. വരാനിരിക്കുന്ന വർഷങ്ങളിലും നമുക്ക് മൈതാനത്തു വെച്ച് ഒത്തുചേരാം. ഞാനീ ഗോളുകളുടെ എണ്ണം ഇവിടെ അവസാനിപ്പിക്കുന്നില്ല." സമീപഭാവിയിലൊന്നും ഫുട്ബോളിൽ നിന്നും വിരമിക്കില്ലെന്നതിന്റെ ഉറച്ച സൂചനകൾ നൽകി റൊണാൾഡോ കുറിച്ചു.