മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാമരങ്ങേറ്റം ഗംഭീരമാക്കിയതിനു പിന്നാലെ ആരാധകർക്ക് റൊണാൾഡോയുടെ സന്ദേശം


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതിനു ശേഷം താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. നിരവധി വർഷങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമടക്കമുള്ള കിരീടങ്ങൾ തങ്ങൾക്കു സ്വന്തമാക്കി നൽകിയ താരത്തിന്റെ തിരിച്ചു വരവിൽ ഒരുപാട് സ്വപ്നങ്ങൾ ആരാധകർ നെയ്തു കൂട്ടിയിരുന്നു.
ആരാധകരുടെ കാത്തിരിപ്പിനും സ്വപ്നങ്ങൾക്കും നിറം പകരുന്ന പ്രകടനമാണ് ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ റൊണാൾഡോ നടത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകൾ റൊണാൾഡോ നേടിയതിനു പുറമെ താരത്തിന്റെ വരവിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കുന്ന ടീമിനെയാണ് കാണാൻ കഴിഞ്ഞത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയുള്ള തന്റെ രണ്ടാമരങ്ങേറ്റം ഗംഭീരമാക്കിയതിനു പിന്നാലെ ആരാധകർക്കുള്ള സന്ദേശം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയുണ്ടായി. "ഓൾഡ് ട്രാഫോഡിലേക്കുള്ള എന്റെ തിരിച്ചു വരവ് എന്തു കൊണ്ടാണ് ഈ സ്റ്റേഡിയത്തിന് 'തീയേറ്റർ ഓഫ് ഡ്രീംസ്' എന്ന പേരു വന്നതെന്ന ഓർമപ്പെടുത്തൽ കൂടിയാണ്. എന്നെ സംബന്ധിച്ച് നമ്മൾ മനസിലുറപ്പിച്ച കാര്യങ്ങളെല്ലാം എപ്പോഴും നടപ്പിലാക്കാനുള്ള മാന്ത്രിക സ്ഥലമാണിത്."
"എന്റെ സഹതാരങ്ങൾക്കൊപ്പം, സ്റ്റേഡിയത്തിൽ നിന്നും ലഭിക്കുന്ന അത്ഭുതകരമായ പിന്തുണയോടെയും, അവസാനം എല്ലാവരും ഒരുമിച്ച് വിജങ്ങളാഘോഷിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും ഞങ്ങൾ മുന്നോട്ടു പോവുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി പ്രീമിയർ ലീഗിൽ വീണ്ടും കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാറ്റിലുമുപരിയായി ടീമിനെ സഹായിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷവും." റൊണാൾഡോ കുറിച്ചു.
പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ മികച്ച വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെയാണ് നേരിടാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ റൊണാൾഡോയുടെ കരുത്തിൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.