Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പർ ജേഴ്‌സി ലഭിച്ചതിനു പിന്നാലെ കവാനിക്ക് റൊണാൾഡോയുടെ സന്ദേശം

Sreejith N
Uruguay v Portugal: Round of 16 - 2018 FIFA World Cup Russia
Uruguay v Portugal: Round of 16 - 2018 FIFA World Cup Russia / Julian Finney/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പർ ജേഴ്‌സി റൊണാൾഡോ അണിയുമെന്നു ക്ലബ് സ്ഥിരീകരിച്ചതിനു പിന്നാലെ ജേഴ്‌സി കൈമാറാൻ സന്നദ്ധനായതിനു എഡിസൺ കവാനിയോടു നന്ദിയറിയിച്ച് പോർച്ചുഗൽ നായകകൻ. ഒരു വർഷം മുൻപ് ഫ്രീ ഏജന്റായി ക്ലബിലെത്തിയ കവാനിയാണ് ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്നതെങ്കിലും റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിൽ എത്തിയതോടെ യുറുഗ്വായ് താരം അതു കൈമാറുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആറു വർഷത്തോളം കളിച്ചിട്ടുള്ള റൊണാൾഡോ അപ്പോഴെല്ലാം ഏഴാം നമ്പർ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്. പിന്നീട് റയൽ മാഡ്രിഡിൽ എത്തിയതിന്റെ തുടക്കത്തിൽ ഒൻപതാം നമ്പർ ജേഴ്‌സി അണിയേണ്ടി വന്നിരുന്നെങ്കിലും അതിനു ശേഷം യുവന്റസിലും പോർച്ചുഗൽ ടീമിലുമെല്ലാം താരം ഏഴാം നമ്പർ ജേഴ്‌സി തന്നെയാണ് ഇട്ടിരുന്നത്.

പ്രീമിയർ ലീഗ് നിയമങ്ങൾ മൂലം റൊണാൾഡോ മറ്റൊരു ജേഴ്‌സി അണിയുന്നതു കാണേണ്ടി വരുമോയെന്ന ആരാധകരുടെ ആശങ്ക കൂടിയാണ് കഴിഞ്ഞ ദിവസം ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ അവസാനിച്ചത്. ഇതിനു പിന്നാലെയാണ് ജേഴ്‌സി കൈമാറിയ കവാനിയോട് റൊണാൾഡോ തന്റെ കൃതജ്ഞത അറിയിച്ചതും.

"ഏഴാം നമ്പർ ജേഴ്സി വീണ്ടും ലഭിക്കുന്നത് സാധ്യമാണോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതിനാൽ ഈ അവിശ്വസനീയമായ പ്രവർത്തിക്ക് എഡിയോട് (കവാനി) ഒരു വലിയ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," റൊണാൾഡോ പറഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി.

അതേസമയം ഏഴാം നമ്പർ ജേഴ്‌സി വിട്ടുനൽകിയ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സിയാണ് അണിയുക. യുറുഗ്വായ് ദേശീയ ടീമിൽ കവാനി അണിയുന്ന ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സി ഡാനിയൽ ജെയിംസ് ക്ലബ് വിട്ടതോടെയാണ് ഒഴിവു വന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit