മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് താനെടുത്തതിൽ ഏറ്റവും മികച്ച തീരുമാനമെന്ന് റൊണാൾഡോ


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വരാനുള്ള തന്റെ തീരുമാനം ഇതുവരെയുള്ളതിൽ വെച്ചേറ്റവും മികച്ചതായിരുന്നു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ കളിച്ച് താൻ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ ക്ലബ്ബിലേക്ക് തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ ഇരട്ടഗോൾ നേടിയതിനു ശേഷം സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് യുവന്റസിൽ നിന്നും റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. അതിനു ശേഷം താരത്തിന്റെ രണ്ടാം അരങ്ങേറ്റം കാണാൻ കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി രണ്ടു ഗോളുകൾ നേടി യുണൈറ്റഡിന് 4-1ന്റെ വിജയം സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു.
Ronaldo aims to 'write history' at #mufc after 'best decision' to return https://t.co/hvS0RwFJy5
— Man United News (@ManUtdMEN) September 12, 2021
"ഞാനെടുത്തതിൽ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇത്. ശരിയായ സമയത്തുമാണ് അതെടുത്തത്. ചരിത്രം കുറിക്കുകയാണ് എന്റെ ലക്ഷ്യം, മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയങ്ങൾ നൽകാനും കിരീടങ്ങൾ സ്വന്തമാക്കാനും സഹായിക്കണം," ടെലിഫൂട്ടിനോട് സംസാരിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു വരവിൽ റയൽ മാഡ്രിഡിൽ സഹതാരമായിരുന്ന റാഫേൽ വരാനെയും സന്തോഷം പ്രകടിപ്പിച്ചു. വളരെ നല്ല പ്രൊഫെഷനലും എല്ലായിപ്പോഴും ഒന്നാമാതാവാൻ ശ്രമിക്കുന്ന താരവുമായ റൊണാൾഡോക്കൊപ്പം കളിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നാണ് വരാനെ പറഞ്ഞത്. താരത്തിന്റെ വിജയീ മനോഭാവം ടീമിന് ഗുണം ചെയ്യുമെന്നും വരാനെ കൂട്ടിച്ചേർത്തു.
സ്വിസ് ക്ലബായ യങ് ബോയ്സിനെ അടുത്ത മത്സരത്തിൽ നേരിടാൻ ഒരുങ്ങുകയാണ് റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും. ഏറ്റവുമധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പമെത്താൻ അതിലൂടെ അവസരമൊരുങ്ങുന്ന താരം അതിനു ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയെസ് പരിശീലിപ്പിക്കുന്ന വെസ്റ്റ് ഹാമിനെയാണ് നേരിടേണ്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.