Football in Malayalam

"ഈ തോൽ‌വിയിൽ പഴിക്കേണ്ടത് ഞങ്ങളെ മാത്രം"- ലിവർപൂളിനെതിരായ മത്സരത്തിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി റൊണാൾഡോ

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Alex Livesey - Danehouse/GettyImages
facebooktwitterreddit

ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാധകർ നൽകുന്ന പിന്തുണക്ക് അവർ ഇതിനേക്കാൾ മികച്ചത് അർഹിക്കുന്നുവെന്നും തോൽ‌വിയിൽ പഴിക്കേണ്ടത് തങ്ങളെ മാത്രമാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

പ്രീമിയർ ലീഗിലെ പ്രധാന എതിരാളികളായ ലിവർപൂളിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനത്തു വഴങ്ങിയത്. മൊഹമ്മദ് സലാ ഹാട്രിക്ക് നേടിയപ്പോൾ നബി കെയ്റ്റ, ഡീഗോ ജോട്ട എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. ഇതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാമത്തെ മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടാതിരിക്കുന്നത്.

"ചില സമയങ്ങളിൽ നമ്മൾ എന്തിനു വേണ്ടി പൊരുതുന്നോ, ആ ഫലം കിട്ടണമെന്നില്ല. ചിലപ്പോൾ നമ്മൾ ആഗ്രഹിച്ച സ്കോറും ആകണമെന്നില്ല. അതിന്റെ ഉത്തരവാദി നമ്മൾ മാത്രമാണ്, കാരണം ഇവിടെ പഴി പറയാൻ മറ്റാരും തന്നെയില്ല." റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"ഞങ്ങളുടെ ആരാധകർ ഒരിക്കൽ കൂടി അവരുടെ ഏറ്റവും മികച്ച പിന്തുണ നൽകി വിസ്‌മയിപ്പിച്ചു. അവർ ഇതിനേക്കാൾ നല്ലത്, വളരെ കൂടുതൽ അർഹിക്കുന്നു. അതു നൽകേണ്ടത് ഞങ്ങളാണ്. അതിനുള്ള സമയമിതാണ്." റൊണാൾഡോ വ്യക്തമാക്കി.

കനത്ത തോൽ‌വിയോടുള്ള പ്രതിഷേധവുമായി മത്സരം അവസാനിക്കുന്നതിനു മുൻപു തന്നെ ഭൂരിഭാഗം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും മൈതാനം വിട്ടിരുന്നു. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നിലവിലെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കണമെന്ന ആവശ്യവും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉയർത്തുന്നുണ്ട്.

facebooktwitterreddit