ഗ്വാർഡിയോളയുടെ ടീമുകൾക്കെതിരെയുള്ള റൊണാൾഡോയുടെ റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശങ്കയേകുന്നത്

Sreejith N
Real Madrid's Portuguese forward Cristia
Real Madrid's Portuguese forward Cristia / JAVIER SORIANO/GettyImages
facebooktwitterreddit

യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം തന്റെ മികച്ച പ്രകടനം കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ത്യൻ സമയം നാളെ വൈകുന്നേരം ആറു മണിക്ക് മാഞ്ചസ്റ്റർ ഡെർബി നടക്കാനിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷ ചുമലിലേറ്റുന്നതും പോർച്ചുഗൽ നായകൻ തന്നെയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ സമ്മിശ്രമായ പ്രകടനമാണ് നടത്തുന്നതെങ്കിലും ടീമിനു വേണ്ടി റൊണാൾഡോ നടത്തുന്ന പ്രകടനത്തെ ആരും ചോദ്യം ചെയ്യാനിടയില്ല. ഈ സീസണിൽ പതിനൊന്നു മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകൾ ഇതുവരെ നേടിയ താരം അറ്റലാന്റാക്കെതിരായ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടി ടീമിനു സമനില നേടിക്കൊടുക്കുകയും ചെയ്‌തിരുന്നു.

റൊണാൾഡോ ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും പെപ് ഗ്വാർഡിയോള പരിശീലകനായ ടീമുകൾക്കെതിരെ താരത്തിന്റെ റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശങ്ക നൽകുന്നതാണ്. ഗ്വാർഡിയോള പരിശീലിപ്പിച്ച ടീമുകൾക്കെതിരെ റൊണാൾഡോ 16 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ നാലു കളികളിൽ മാത്രമാണ് ടീമിനു വിജയം നേടാൻ കഴിഞ്ഞത്. നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ എട്ടെണ്ണത്തിൽ റൊണാൾഡോയുടെ ടീം തോൽവി വഴങ്ങുകയും ചെയ്‌തു.

ഗ്വാർഡിയോളയുടെ ടീമിനെതിരെ ആദ്യ ജയം സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആറു മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്നുവെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്. റയൽ മാഡ്രിഡിനു വേണ്ടി കളിക്കുമ്പോൾ 2011ൽ നടന്ന കോപ്പ ഡെൽ റേ ഫൈനലിലാണ് പെപ്പിനെതിരെ റൊണാൾഡോയുടെ ആദ്യത്തെ ജയം. റൊണാൾഡോ ആ മത്സരത്തിൽ ഗോൾ നേടിയിട്ടുമുണ്ട്.

അതേസമയം കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൃത്യമായ ആധിപത്യമുണ്ടെന്നത് ആരാധകർക്ക് പ്രതീക്ഷ പകരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചപ്പോൾ ഒരു തോൽവി മാത്രമേ അവർ വഴങ്ങിയിട്ടുള്ളൂ.

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകൾ മുഖാമുഖം വരുമ്പോൾ കഴിഞ്ഞ കാലങ്ങളിലെ കണക്കുകളെല്ലാം അപ്രസക്തമാണ് എന്നതിൽ തർക്കമില്ല. അപ്രവചനീയമായ, ഇരുടീമുകളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ കാഴ്‌ച വെക്കുന്ന മത്സരമാണ് മാഞ്ചസ്റ്റർ ഡെർബിയിൽ ആരാധകരും പ്രതീക്ഷിക്കുന്നത്.

facebooktwitterreddit