Football in Malayalam

റൊണാൾഡോ വലിച്ചെറിഞ്ഞ ക്യാപ്റ്റൻ ആംബാൻഡിനു ലഭിച്ചത് വൻതുക, ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് ഉപയോഗിക്കും

Sreejith N
Serbia  v Portugal -World Cup Qualifier
Serbia v Portugal -World Cup Qualifier / Soccrates Images/Getty Images
facebooktwitterreddit

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ നേടിയ ഗോൾ റഫറീ അകാരണമായി നിഷേധിച്ചതും അതിനെത്തുടർന്ന് താരത്തിന്റെ പ്രതിഷേധവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചതായിരുന്നു. ഗോൾ നിഷേധിച്ചതിനെ തുടർന്ന് റഫറിയോട് കയർത്ത താരം മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞ് കളിക്കളം വിടുകയാണുണ്ടായത്.

ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞ റൊണാൾഡോയുടെ പ്രവൃത്തി ആദ്യം വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും പിന്നീട് അതിന്റെ ഗതി വേറൊരു ദിശയിലേക്ക് മാറി. റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ്‌ കണ്ടെടുത്ത ഒരു സ്റ്റേഡിയം വർക്കർ അതൊരു ചാരിറ്റി ഗ്രൂപ്പിനെ ഏൽപ്പിച്ചതും അവരത് ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടി ലേലം ചെയ്യാൻ തീരുമാനിച്ചതുമെല്ലാം ആരാധകർക്ക് ആവേശം നൽകുന്ന കാര്യങ്ങളായിരുന്നു.

ടുഗെതർ ഫോർ ലൈഫ് എന്ന ചാരിറ്റി സംഘടന ലേലത്തിന് വെച്ച റൊണാൾഡോയുടെ ക്യാപ്റ്റൻ ആംബാൻഡ്‌ കഴിഞ്ഞ ദിവസം 64000 യൂറോ (ഇന്ത്യൻ രൂപ അരക്കോടിയിലധികം) നൽകിയാണ് കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ഒരാൾ സ്വന്തമാക്കിയത്. ഈ തുക മുഴുവൻ നട്ടെല്ലിന്റെ മസിലുകളിൽ വളർച്ചക്കുറവ് നേരിടുന്ന ആറു മാസം പ്രായമുള്ള സെർബിയൻ ബാലന്റെ ചികിത്സക്കാണ് ഉപയോഗിക്കുക.

റൊണാൾഡോ തന്റെ പ്രതിഷേധം കളിക്കളത്തിൽ പ്രകടിപ്പിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മറുവശത്ത് മാനുഷികപരമായി വലിയൊരു ഗുണമാണ് അതുകൊണ്ടുണ്ടായിരിക്കുന്നത്. അന്നത്തെ മത്സരത്തിൽ സെർബിയയും പോർച്ചുഗലും രണ്ടു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച റൊണാൾഡോക്ക് റഫറി മഞ്ഞക്കാർഡും നൽകിയിരുന്നു.


facebooktwitterreddit