Football in Malayalam

റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം ഇടിഞ്ഞ് 2008നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിൽ

Sreejith N
Norwich City v Manchester United - Premier League
Norwich City v Manchester United - Premier League / Chloe Knott - Danehouse/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ടീമിനൊപ്പം ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തുന്നുണ്ടെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യത്തിൽ വലിയ ഇടിവ്. പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം 2008നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് എത്തിയിരിക്കുന്നത്.

ട്രാൻസ്‌ഫർ മാർക്കറ്റ് വിലയിരുത്തുന്നതു പ്രകാരം മുപ്പത്തിയേഴു വയസിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന താരത്തിന്റെ നിലവിലെ ട്രാൻസ്‌ഫർ മൂല്യം മുപ്പത്തിയഞ്ചു മില്യൺ യൂറോയാണ്. താരത്തിന് ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ മൂല്യം ലഭിച്ചിരിക്കുന്നത് 2014ലാണ്. അന്ന് 120 മില്യൺ യൂറോയായിരുന്നു താരത്തിന്റെ മൂല്യം.

പ്രായമാണ് റൊണാൾഡോയുടെ ട്രാൻസ്‌ഫർ മൂല്യം കുറയാനുള്ള പ്രധാന കാരണമായത്. പ്രകടനത്തിനു പുറമെ ഓരോ താരങ്ങളുടെയും ട്രാൻസ്‌ഫർ മൂല്യം കണക്കാക്കുന്നതിന് അവർക്ക് ഇനിയും എത്ര കാലം കളിക്കളത്തിൽ തുടരാൻ കഴിയുമെന്നതും ചേക്കേറുന്ന ക്ലബുകൾക്ക് അവരെ എത്ര കാലം ടീമിനൊപ്പം ഉപയോഗിക്കാൻ കഴിയുമെന്നതും വിലയിരുത്തിയിട്ടു കൂടിയാണ്.

അതേസമയം റൊണാൾഡോയും ട്രാൻസ്‌ഫർ മാർക്കറ്റ് വെബ്‌സൈറ്റും തമ്മിലുള്ള അസ്വാരസ്യം നേരത്തെ തന്നെ അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിടുന്ന കണക്കുകളിൽ റൊണാൾഡോയെ എന്തു കൊണ്ടാണ് ടാഗ് ചെയ്യാത്തതെന്ന ചോദ്യത്തിന് മൂല്യം കുറച്ചു കാണിച്ചതിനാൽ റൊണാൾഡോ തങ്ങളെ ബ്ലോക്ക് ചെയ്‌തുവെന്ന്‌ അവർ വ്യക്തമാക്കിയിരുന്നു.

ട്രാൻസ്‌ഫർ മൂല്യത്തിൽ കുറവു വന്നെങ്കിലും താരത്തിന്റെ മൈതാനത്തെ പ്രകടനത്തെ അതൊന്നും ബാധിക്കുന്നില്ല. യുവന്റസിന്റെ ടോപ് സ്കോററായ മൂന്നു സീസണുകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ തന്നെയാണ് ക്ലബിനു വേണ്ടി ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit