ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വാൻ ഡി ബീക്കിനെ സംബന്ധിച്ച് മോശം വാർത്തയെന്ന് ഏജന്റ്


പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ മിഡ്ഫീൽഡറായ ഡോണി വാൻ ഡി ബീക്കിനെ സംബന്ധിച്ച് മോശം വാർത്തയാണെന്ന് ഡച്ച് താരത്തിന്റെ ഏജന്റായ ഗുയ്ഡോ ആൽബേർസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന്റെ ടീമിലെ സ്ഥാനം ഇതു കൂടുതൽ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
"ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളിയാഴ്ച എത്തിയത് ഞങ്ങളെ സംബന്ധിച്ച് ഒരു മോശം വാർത്തയാണെന്ന് അറിയാവുന്നതാണ്. പോഗ്ബ ഇടതു സൈഡിലാണ് കളിച്ചു കൊണ്ടിരുന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ മിഡ്ഫീൽഡിൽ മറ്റൊരു താരത്തിന്റെ സാന്നിധ്യമുണ്ടാകും, പോഗ്ബ ഇടതു വശത്തു നിന്നും മാറുകയും ചെയ്യും." സിഗ സ്പോർട്സിനോട് സംസാരിക്കുമ്പോൾ ആൽബേർസ് പറഞ്ഞു.
"സോൾഷെയറിനോടും ബോർഡിനോടും ഞങ്ങൾ സംസാരിച്ചു, പുതിയൊരു ക്ലബിനെ കണ്ടെത്താൻ വേണ്ടി ഞങ്ങൾ നടത്തിയ തിരച്ചിൽ എവെർട്ടണിൽ അവസാനിക്കുകയും അവരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ട്രാൻസ്ഫർ ഡെഡ്ലൈൻ ഡേയുടെ തലേ ദിവസം ഞങ്ങളെ സോൾഷെയർ വിളിച്ച് ട്രാൻസ്ഫറിനെ കുറിച്ച് ചിന്തിക്കേണ്ടെന്നും അടുത്ത ദിവസം ട്രൈനിങ്ങിനെത്താൻ നിർദ്ദേശിക്കുകയും ചെയ്തു." അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി വാൻ ബിക്കിന് ഇത്തവണ കൂടുതൽ അവസരങ്ങൾ സോൾഷെയർ നൽകുമെന്ന ഉറച്ച പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനുമായി ഇത്തവണ നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും മത്സരങ്ങൾക്ക് താരം പൂർണമായും തയ്യാറെടുത്തുവെന്നും ഏജന്റ് വെളിപ്പെടുത്തി.
2018-19 സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ കുതിച്ചെത്തി യൂറോപ്പിനെ വിസ്മയിപ്പിച്ച അയാക്സ് ടീമിലെ പ്രധാന താരമായിരുന്നു വാൻ ഡി ബീക്ക്. കഴിഞ്ഞ സമ്മറിൽ ഇംഗ്ലണ്ടിലെത്തിയ താരം കഴിഞ്ഞ സീസണിൽ കൂടുതലും പകരക്കാരനായി 19 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചെങ്കിലും ഈ സീസണിലിതു വരെ അവസരം ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.