Juventus News

റൊണാൾഡോ മറ്റുള്ളവർക്ക് മാതൃകയാവണം, കളിക്കളത്തിൽ താരത്തിന്റെ മനോഭാവത്തെ വിമർശിച്ച് മുൻ യുവന്റസ് താരം

Sreejith N
Juventus  v Genoa CFC - Serie A
Juventus v Genoa CFC - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

ജെനോവക്കെതിരായ സീരി എ മത്സരത്തിൽ ഗോൾ നേടാൻ കഴിയാത്തതിനെ തുടർന്ന് ജേഴ്‌സി വലിച്ചെറിഞ്ഞു കളിക്കളം വിട്ട റൊണാൾഡോയുടെ മനോഭാവത്തെ വിമർശിച്ച് യുവന്റസിന്റെ മുൻതാരമായ ലൂക്ക ടോണി. കുലുസേവ്സ്കി, മൊറാട്ട, മക്കന്നീ എന്നിവർ നേടിയ ഗോളുകളിൽ വിജയം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു നേരെയുയരുന്ന ഭീഷണികളെ താൽക്കാലികമായി യുവന്റസ് ഒഴിവാക്കിയെങ്കിലും മത്സരത്തിന് ശേഷം റൊണാൾഡോ ഒട്ടും തൃപ്തനായിരുന്നില്ല.

വിജയം നേടിയത് സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കാൻ പോലും നിൽക്കാതെ റൊണാൾഡോ കളിക്കളം വിട്ടത് ഉചിതമായില്ലെന്ന നിലപാടാണ് ഇറ്റലിയുടെ മുൻ താരത്തിനുള്ളത്. "റൊണാൾഡോ യുവന്റസിന് വളരെ പ്രധാനപ്പെട്ട താരമാണ്. ഗോളുകൾ നേടി അദ്ദേഹം അത് തെളിയിക്കുന്നുണ്ടെങ്കിലും ടീമിനോടുള്ള താരത്തിന്റെ മനോഭാവം എന്നെ ആകർഷിക്കുന്നില്ല. ഞാൻ കളിച്ചിരുന്ന സമയത്തെ ഓർക്കുകയാണപ്പോൾ."

"ഞാൻ വളരെ സ്വാർത്ഥനായിരുന്നു. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മൈതാനത്തു തന്നെ തുടർന്ന് ടീമിനൊപ്പം ആഘോഷിച്ചാണ് ആ നിരാശയെ ഞാൻ മറികടന്നിരുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും ഒരിക്കലും നിങ്ങൾ ജേഴ്‌സി ഊരി വലിച്ചെറിയാൻ പാടില്ല. ചാമ്പ്യന്മാരായ കളിക്കാർ മറ്റുള്ളവർക്ക് മാതൃക കാണിക്കുകയാണ് വേണ്ടത്." ലൂക്ക ടോണി ടുട്ടോ സ്പോർട്ടിനോട് പറഞ്ഞു.

മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതു മുതലാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് റൊണാൾഡോ ജേഴ്‌സി വലിച്ചെറിഞ്ഞതെന്നാണ് ആദ്യം പുറത്തു വന്നതെങ്കിലും അത് താരം ഒരു ബോൾ ബോയ്ക്ക് സമ്മാനം നൽകിയതാണെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇതുപോലെ താരങ്ങൾ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ഈ വിഷയത്തിൽ പരിശീലകൻ പിർലോ മറുപടി നൽകിയത്.

facebooktwitterreddit