മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചുവരവിൽ സർ അലക്സ് ഫെർഗൂസന് നിർണായക പങ്കുണ്ടെന്ന് വെളിപ്പെടുത്തി റൊണാൾഡോ

By Gokul Manthara
"Ronaldo" - World Premiere - Red Carpet Arrivals
"Ronaldo" - World Premiere - Red Carpet Arrivals / Anthony Harvey/Getty Images
facebooktwitterreddit

12 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കുടുംബത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ തനിക്ക്‌ വളരെയധികം സന്തോഷമുണ്ടെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബിലേക്കുള്ള തന്റെ തിരിച്ചു വരവിൽ വിഖ്യാത പരിശീലകനായ സർ അലക്സ് ഫെർഗൂസൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതിനൊപ്പം അദ്ദേഹം വെളിപ്പെടുത്തി. ക്ലബ്ബിലെത്തിയതിന് ശേഷം അവരുടെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ ആദ്യ അഭിമുഖത്തിനിടെയായിരിന്നു റൊണാൾഡോ ഇക്കാര്യങ്ങൾ പറഞ്ഞത്.

"നിങ്ങൾക്കറിയാവുന്നത് പോലെ ഈ അത്ഭുതകരമായ ക്ലബ്ബിനൊപ്പം എനിക്ക് അതിശയകരമായ ഒരു ചരിത്രമുണ്ട്. 18 വയസുണ്ടായിരുന്ന സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു. ഇപ്പോൾ 12 വർഷങ്ങൾക്ക് ശേഷം അങ്ങോട്ടേക്ക് തിരിച്ചെത്തിയതിൽ ഞാൻ അതീവ സന്തുഷ്ടനാണ്‌. തിരിച്ചു വരവിലെ എന്റെ ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഞാൻ," മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് അഭിമുഖത്തിൽ ചോദ്യമുയർന്നപ്പോൾ റൊണാൾഡോ മറുപടി നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകനായ സർ അലക്സ് ഫെർഗൂസനുമായി തനിക്ക് വളരെയടുത്ത ബന്ധമാണുള്ളതെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ റൊണാൾഡോ, ക്ലബ്ബിലേക്കുള്ള തന്റെ തിരിച്ചുവരവിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചതായും ചൂണ്ടിക്കാട്ടി.

"എന്നെ സംബന്ധിച്ചിടത്തോളം സർ അലക്സ് ഫെർഗൂസൻ എനിക്ക് ഫുട്ബോളിലെ ഒരു പിതാവിനെ‌ പോലെയാണ്. അദ്ദേഹം കരിയറിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എന്റെ അഭിപ്രായത്തിൽ‌ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവിൽ തീർച്ചയായും അദ്ദേഹത്തിന് ഒരു‌ വലിയ പങ്കുണ്ട്. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്, ഞങ്ങൾ എല്ലായ്‌പോഴും സമ്പർക്കം പുലർത്തുന്നു. അദ്ദേഹം അവിശ്വസനീയനായ ഒരു വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണ്. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കരാർ ഒപ്പിട്ടതിന്റെ പ്രധാന കാരണക്കാരനാണ് അദ്ദേഹം," റൊണാൾഡോ പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit