2021 ബാലൺ ഡി'ഓർ നേടാൻ ഏറ്റവും അർഹൻ ആരെന്ന് വെളിപ്പെടുത്തി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ

2021 ബാലൺ ഡി'ഓർ നേടാൻ ഏറ്റവും അർഹനായ താരം റയൽ മാഡ്രിഡിന്റെയും ഫ്രാൻസ് ദേശിയ ടീമിന്റെയും സ്ട്രൈക്കറായ കരീം ബെൻസിമയാണെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ.
ബലോൺ ഡി'ഓർ നേടാൻ റൊണാൾഡോയുടെ പിന്തുണ ഏത് മത്സരാർഥിക്കാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: "നിസംശയം പറയാം, എന്റെ മത്സരാർത്ഥി ബെൻസിമയാണ്."
എന്ത് കൊണ്ടാണ് ബെൻസിമ ഫുട്ബോൾ ലോകത്തെ ഏറ്റവും പരമോന്നത വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി'ഓർ നേടാൻ അർഹനെന്നും റൊണാൾഡോ വ്യക്തമാക്കി.
"ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡ്, 10 വർഷമായി അവിശ്വസനീയമാംവിധം ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നു. എല്ലാറ്റിനുമുപരിയായി ഒരു ചാമ്പ്യനും. അവാർഡിന് യോഗ്യൻ, നിങ്ങൾ കരുതുന്നില്ലേ?" റൊണാൾഡോ പറഞ്ഞു.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ, നിലവിൽ സ്പാനിഷ് ക്ലബായ റയൽ വയ്യഡോളിഡിന്റെ പ്രസിഡന്റും ഏറ്റവും കൂടുതൽ ഓഹരിയുടെ ഉടമ കൂടിയാണ്. അതേ സമയം, ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായി റയലിനും ഫ്രാൻസിനും വേണ്ടി തിളങ്ങിനിൽക്കുകയാണ് ബെൻസിമ.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം സ്പാനിഷ് ക്ലബിന്റെ അക്രമണ നിരയെ നയിക്കുന്ന ബെൻസിമ, ലോസ് ബ്ലാങ്കോസിനായി ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 7 അസിസ്റ്റുകളും നേടി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.
അതേ സമയം, നവംബർ 29നാണ് ഈ വർഷത്തെ ബാലൺ ഡി'ഓർ വിജയിയെ പ്രഖ്യാപിക്കുക.