റൊണാൾഡോയെ വേണ്ടെന്ന് അത്ലറ്റികോ മാഡ്രിഡ് ആരാധകരുടെ ബാനർ, പ്രതികരിച്ച് താരം

Sreejith N
Ronaldo Responds To Atletico Madrid Fans Banner
Ronaldo Responds To Atletico Madrid Fans Banner / James Gill - Danehouse/GettyImages
facebooktwitterreddit

റൊണാൾഡോയെ തങ്ങൾക്കു വേണ്ടെന്ന് അത്ലറ്റികോ മാഡ്രിഡ് ആരാധകർ ഉയർത്തിയ ബാനറിനോട് പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ന്യൂമാൻസിയക്കെതിരായുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യത്തെ പ്രീ സീസൺ മത്സരത്തിനു മുന്നോടിയായാണ് റൊണാൾഡൊക്കെതിരെ ആരാധകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്ന ക്ലബുകളിൽ ഒന്നാണ് അത്ലറ്റികോ മാഡ്രിഡ്. എന്നാൽ തുടക്കം മുതൽ തന്നെ ഇതിനെതിരെ അത്ലറ്റികോ മാഡ്രിഡ് ആരാധകർ തങ്ങളുടെ പ്രതിഷേധം ഉയർത്തിയിരുന്നു. അതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.

റൊണാൾഡോയെ തങ്ങൾ അത്ലറ്റികോ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന ബാനറാണ് ആരാധകർ മത്സരത്തിനു മുൻപ് ഉയർത്തിയത്. ആരാധകരുടെ ഈ പ്രതിഷേധം സിആർ7 മാഡ്രിഡി എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്നപ്പോൾ അതിനടിയിൽ കമന്റായാണ് റൊണാൾഡോ തന്റെ പ്രതികരണം അറിയിച്ചത്. പൊട്ടിച്ചിരിക്കുന്ന നിരവധി ഇമോജികളായിരുന്നു താരത്തിന്റെ പ്രതികരണം.

റൊണാൾഡോയുടെ പ്രതികരണം അത്ലറ്റികോ മാഡ്രിഡ് ആരാധകർക്ക് കൂടുതൽ പ്രകോപനം ഉണ്ടാക്കുന്ന ഒന്നാണ് എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും തരത്തിലുള്ള പദ്ധതി അത്ലറ്റികോ മാഡ്രിഡിനുണ്ടെങ്കിൽ തന്നെ അത് കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന തന്റെ തീരുമാനത്തിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ പിന്തിരിഞ്ഞിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയുന്ന ഒരു ക്ലബിനെയാണ് താരം പരിഗണിക്കുന്നത്.

facebooktwitterreddit