Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്പോർട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റൊണാൾഡോ

Sreejith N
Ronaldo Responds To Rumours He Could Leave Man Utd For Sporting
Ronaldo Responds To Rumours He Could Leave Man Utd For Sporting / Bryn Lennon/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പൂർണമായും നിഷേധിച്ച് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ അഭ്യൂഹങ്ങൾ വ്യാജമാണെന്നാണ് റൊണാൾഡോ മറുപടിയായി കുറിച്ചത്.

കുടുംബപരമായ കാരണങ്ങൾ കൊണ്ട് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇതുവരെയും പരിശീലനത്തിനായി ചേർന്നിട്ടില്ല. നിലവിൽ പോർചുഗലിലുള്ള താരത്തിന്റെ കാർ സ്പോർട്ടിങ് ലിസ്ബണിന്റെ സ്റ്റേഡിയത്തിനു പുറത്തു കണ്ടുവെന്ന പോസ്റ്റ് വൈറലായതിനെ തുടർന്നാണ് റൊണാൾഡോ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.

റൊണാൾഡോ സ്പോർട്ടിങ്ങിൽ എത്താനുള്ള സാധ്യതയുണ്ടെന്നും താരത്തിന്റെ കാർ അവരുടെ സ്റ്റേഡിയത്തിനു പുറത്തു കണ്ടതായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടെന്നും സ്‌പോർട് ടിവി പോർച്ചുഗൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തതിനാണു റൊണാൾഡോ മറുപടി നൽകിയത്. ഒരൊറ്റ വാക്കിൽ അത് വ്യാജമാണെന്നു വ്യക്തമാക്കിയ റൊണാൾഡോ പോർച്ചുഗീസ് ക്ലബുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും നിഷേധിക്കുകയാണ് ചെയ്‌തത്‌.

അതേസമയം റൊണാൾഡോ അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ താരത്തിന് വളരെയധികം താല്പര്യമുണ്ടെങ്കിലും നിലവിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ പലരും റൊണാൾഡോയെ ആവശ്യമില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

നേരത്തെ താരത്തെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെൽസി, ബയേൺ മ്യൂണിക്ക്, പിഎസ്‌ജി, ബാഴ്‌സലോണ തുടങ്ങിയ ടീമുകളെല്ലാം അതിനു വേണ്ടിയുള്ള നീക്കത്തിൽ നിന്നും പിന്മാറിയ മട്ടാണ്. റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ നാപ്പോളി മാത്രമാണ് നിലവിൽ റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടീം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit