Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ഭാവിയിൽ വഴിത്തിരിവ്, താരം കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു

Sreejith N
Juventus vs SSC Napoli - Serie A
Juventus vs SSC Napoli - Serie A / Anadolu Agency/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസ് വിടുമെന്നത് മാസങ്ങളോളമായി ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. യുവന്റസിനൊപ്പം തുടർച്ചയായ മൂന്നാമത്തെ സീസണിലും ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ പരാജയപ്പെടുകയും ഈ സീസണിൽ ടീം നാലാം സ്ഥാനത്തേക്ക് വീഴുകയും ചെയ്‌തതോടെയാണ്‌ താരം ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചത്.

കഴിഞ്ഞ സീസണിൽ യുവന്റസ് പരിശീലകനായിരുന്ന ആന്ദ്രേ പിർലോക്ക് പകരം മാസിമിലിയാനോ അല്ലെഗ്രി എത്തിയതോടെ റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യതകളും വർധിച്ചിരുന്നു. മുൻ ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പോർട്ടിങ് സിപി എന്നിവയിലേക്കോ അല്ലെങ്കിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കോ ആണു താരം ചേക്കേറാൻ സാധ്യത ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ താരത്തിന്റെ യുവന്റസ് ഭാവിയെ സംബന്ധിച്ച് വലിയ വഴിത്തിരിവുണ്ടായെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ മാധ്യമങ്ങളായ ലാ ഗസറ്റ ഡെല്ല സ്‌പോർട്, സ്‌പോർട് മീഡിയസെറ്റ് എന്നിവ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പോർച്ചുഗൽ നായകൻ യുവന്റസുമായി പുതിയ കരാറൊപ്പിടാൻ ഒരുങ്ങുകയാണ്. യൂറോ കപ്പിനു മുൻപു തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ യുവന്റസ് പൂർത്തിയാക്കിയെന്നും റൊണാൾഡോയുടെ ഏജന്റ് ഉടൻ തന്നെ ഇറ്റലിയിലെത്തി താരവുമായും ക്ലബുമായും ചർച്ചകൾ നടത്തി ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു വർഷത്തേക്കാണ് റൊണാൾഡോയുടെ കരാർ യുവന്റസ് നീട്ടുന്നത്. ഇതോടെ താരം വരുന്ന സീസണിലും യുവന്റസിൽ തുടരാനുള്ള സാധ്യതകൾ വർധിച്ചു. 2022 വരെ മാത്രം കരാറുണ്ടായിരുന്ന താരത്തെ അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടമാവുമെന്ന ഭീഷണിയും ഇതോടെ യുവന്റസ് ഒഴിവാക്കിയിട്ടുണ്ട്.

മുപ്പത്തിയാറുകാരനായ റൊണാൾഡോ കഴിഞ്ഞ സീസണിൽ യുവന്റസിലെയും സീരി എയിലെയും ടോപ് സ്കോററായി സീസൺ പൂർത്തിയാക്കിയതിനു പുറമെ യൂറോ കപ്പിലെയും നിലവിലെ ടോപ് സ്‌കോററാണ്. ഒരു സീസൺ കൂടി യുവന്റസിൽ തന്നെ തുടർന്ന് അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പോർട്ടിങ് സിപി എന്നീ ക്ളബുകളിലൊന്നിലേക്ക് ചേക്കേറാനാണ് താരത്തിന്റെ പദ്ധതിയെന്നാണ് സൂചനകൾ.

facebooktwitterreddit