സോൾഷ്യർക്ക് പകരക്കാരനായി സിദാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് റൊണാൾഡോ ശുപാർശ ചെയ്തതായി റിപോർട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാല പ്രകടനങ്ങൾ മോശമായ സാഹചര്യത്തിൽ ഒലെ ഗണ്ണർ സോൾഷ്യറെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് അധികൃതർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. യൂറോപ്പിലെ പല പ്രമുഖ പരിശീലകരേയും സോൾഷ്യർക്ക് പകരക്കാരനായി റെഡ് ഡെവിൾസ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ. അതിനിടെ ഇപ്പോളിതാ സോൾഷ്യർക്ക് പകരം മുൻ റയൽ മാഡ്രിഡ് ബോസ് സിനദിൻ സിദാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ശുപാർശ ചെയ്തെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
റൊണാൾഡോയുടെ ശുപാർശയെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ സിദാനുമായി സംസാരിച്ചെന്നും, എന്നാൽ ദിദിയർ ദെഷാംപ്സിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാവാൻ ആഗ്രഹിക്കുന്ന സിദാൻ ഓൾഡ് ട്രാഫോഡിലേക്ക് വരാനുള്ള സാധ്യത നിരസിച്ചെന്നുമാണ് സ്പാനിഷ് മാധ്യമമായ എൽ ചിരിംഗ്വിറ്റോ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമേ പാരീസ് സെന്റ്-ജെർമ്മൻ, ന്യൂകാസിൽ യുണൈറ്റഡ് ക്ലബ്ബുകളും ഓഫറുകളുമായി സിദാനെ സമീപിച്ചെന്നും എന്നാൽ ഈ ക്ലബ്ബുകളോടും മുൻ ഫ്രഞ്ച് താരം നോ പറഞ്ഞെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
A Spanish journalist claims United recently 'called Zinedine Zidane after Cristiano Ronaldo recommended him for manager job' #mufc https://t.co/T0RKFjeyLq pic.twitter.com/uoe3J4OaUF
— Man United News (@ManUtdMEN) October 19, 2021
മുൻപ് മൂന്ന് വർഷങ്ങളോളം റയൽ മാഡ്രിഡിൽ ഒരുമിച്ചുണ്ടായിരുന്ന റൊണാൾഡോയും, സിദാനും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഇത് ഫുട്ബോൾ ലോകത്തിന് വ്യക്തമായി അറിയാവുന്നതുമാണ്. സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലകനായെത്തിയ ആദ്യ സ്പെല്ലിൽ ക്ലബ്ബിൽ ഉജ്ജ്വല പ്രകടനമായിരുന്നു പോർച്ചുഗീസ് താരത്തിന്റേത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരുടേയും കൂടിച്ചേരൽ നടക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം ഈ വർഷം ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി മൂന്ന് വർഷത്തെ പുതിയ കരാറിൽ ഒപ്പിട്ട സോൾഷ്യറിന് നിലവിൽ മാനേജ്മെന്റിന്റെ പൂർണ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകളും ഇംഗ്ലണ്ടിൽ നിന്ന് പുറത്ത് വരുന്നുണ്ട്. എന്നിരുന്നാലും അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയാത്തത് സോൾഷ്യറിന് സമ്മാനിക്കുന്ന തലവേദന ചെറുതല്ല. ലിവർപൂൾ, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പന്മാർക്കെതിരെയാണ് പ്രീമിയർ ലീഗിൽ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരങ്ങൾ. ഇവയിൽ റെഡ് ഡെവിൾസ് കാഴ്ച വെക്കുന്ന പ്രകടനങ്ങളാകും ക്ലബ്ബിലെ സോൾഷ്യറിന്റെ ഭാവി തീരുമാനിക്കുകയെന്നാണ് കരുതപ്പെടുന്നത്.