Serie A

ചരിത്രമെഴുതി റൊണാൾഡോ, യുവന്റസിനൊപ്പം സ്വന്തമാക്കിയത് അവിശ്വസനീയ റെക്കോർഡുകൾ

Sreejith N
US Sassuolo v Juventus FC - Serie A
US Sassuolo v Juventus FC - Serie A / MB Media/Getty Images
facebooktwitterreddit

സാസുവോളക്കെതിരായ സീരി എ മത്സരത്തിൽ വിജയം നേടി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താൻ യുവന്റസിനെ സഹായിച്ച റൊണാൾഡോ മത്സരത്തിൽ സ്വന്തമാക്കിയത് ഒന്നിലധികം റെക്കോർഡുകൾ. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് നേടിയ ഗോളിൽ യുവന്റസിനു വേണ്ടി സെഞ്ചുറി തികച്ചതോടെയാണ് റൊണാൾഡോ റെക്കോർഡുകളും സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് വിജയം നേടിയത്.

നൂറു ഗോൾ നേട്ടത്തിനൊപ്പം യുവന്റസിനൊപ്പം ഏറ്റവും വേഗത്തിൽ ഈ റെക്കോർഡുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. വെറും 131 മത്സരങ്ങളിൽ നിന്നും 100 ഗോൾ തികച്ച റൊണാൾഡോ മൂന്നു സീസണിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യുവന്റസ് താരം കൂടിയാണ്. ഇതിനു മുൻപ് ഏറ്റവും വേഗത്തിൽ യുവന്റസിനായി നൂറു ഗോൾ നേട്ടം തികച്ച താരങ്ങളെല്ലാം ചുരുങ്ങിയത് നാല് സീസൺ അതിനായി എടുത്തിട്ടുണ്ട്.

ഇതിനു പുറമെ മൂന്നു വ്യത്യസ്‌ത ക്ലബുകൾക്കും ദേശീയ ടീമിനുമൊപ്പം നൂറു ഗോൾ നേടുന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ താരം കൂടിയാണ് റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവർക്കൊപ്പം നൂറിലധികം ഗോൾ നേടിയിട്ടുള്ള റൊണാൾഡോ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡിന്റെ അരികിൽ കൂടിയാണു നിൽക്കുന്നത്.

മത്സരത്തിൽ റൊണാൾഡോക്ക് പുറമെ പൗളോ ഡിബാലയും യുവന്റസിന് വേണ്ടി നൂറു ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇറ്റലിക്ക് വേണ്ടി കളിച്ചിട്ടുള്ളവരെ ഒഴിവാക്കിയാൽ യുവന്റസിനു വേണ്ടി നൂറു ഗോൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ നോൺ യൂറോപ്യൻ താരം കൂടിയാണ് ഡിബാല. മത്സരത്തിൽ റൊണാൾഡോക്കും ഡിബാലക്കും പുറമെ അഡ്രിയാൻ റാബിയോട്ടാണ് യുവന്റസിന്റെ മറ്റൊരു ഗോൾ നേടിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit