Serie A

"ഈ കഥ ഇവിടെയവസാനിക്കുന്നില്ല"- പെലെയുടെ റെക്കോർഡ് മറികടന്നതിനെപ്പറ്റി ആദ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Cagliari Calcio  v Juventus - Serie A
Cagliari Calcio v Juventus - Serie A / Enrico Locci/Getty Images
facebooktwitterreddit

പോർട്ടൊക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ മുഴുവൻ ഇല്ലാതാക്കിയാണ് കഴിഞ്ഞ ദിവസം കാഗ്ലിയാരിക്കെതിരെ യുവന്റസിനു വേണ്ടി റൊണാൾഡോ ഹാട്രിക്ക് നേട്ടം കുറിച്ചത്. ഇടം കാൽ, വലം കാൽ, തല എന്നിവയുപയോഗിച്ച് താരം നേടിയ പെർഫെക്റ്റ് ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസമായ പെലെയുടെ കരിയർ ഗോളുകളുടെ എണ്ണം മറികടക്കാനും റൊണാൾഡോക്കായി.

757 ഗോളുകളെന്ന പെലെയുടെ ഒഫിഷ്യൽ കരിയർ ഗോളുകളുടെ എണ്ണം റൊണാൾഡോ നേരത്തെ മറികടന്നിരുന്നുവെങ്കിലും അത് 767 ആണെന്ന രീതിയിൽ തർക്കം നിലനിന്നിരുന്നു. ആ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാതിരുന്ന റൊണാൾഡോ ഇന്നലെ നടന്ന മത്സരത്തിൽ കരിയറിലെ 770ആമത്തെ ഗോൾ നേടിയതിനു ശേഷം തന്റെ നേട്ടത്തെക്കുറിച്ചും ഇതുവരെയും അതേപ്പറ്റി പ്രതികരണം നടത്താതിരുന്നതിനെ കുറിച്ചും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"757 ഗോളുകളെന്ന പെലെയുടെ റെക്കോർഡ് മറികടന്ന് ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന നിലയിൽ എന്നെ പരിഗണിക്കുന്ന തരത്തിലുള്ള വാർത്തകളും കണക്കുകളുമാണ് കഴിഞ്ഞയാഴ്ച നിറഞ്ഞു നിന്നത്. അതിനു ഞാൻ നന്ദി പറയുന്നുവെങ്കിലും ഇതുവരെയും ഞാനത് അംഗീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കേണ്ട സമയമാണിത്."

"ഒരിക്കലുമവസാനിക്കാത്ത പെലെയോടുള്ള എന്റെ ആദരവ് കൊണ്ട് അദ്ദേഹം 767 ഗോളുകൾ നേടിയെന്നാണ് ഞാൻ കണക്കിലെടുത്തത്. സാവോ പോളോ സ്റ്റേറ്റ് ടീമിന് വേണ്ടിയുള്ള ഒൻപതു ഗോളുകളും ബ്രസീലിയൻ മിലിട്ടറി ടീമിന് വേണ്ടിയുള്ള ഏകഗോളും ഒഫിഷ്യൽ ഗോളുകളായി കണക്കാക്കപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. ലോകവും ഫുട്ബോളും അതിനു ശേഷം ഒരുപാട് മാറിയെങ്കിലും നമുക്ക് ചരിത്രത്തെ മായ്ച്ചു കളയാനാവില്ല."

"ഇപ്പോൾ എനിക്ക് അടുത്ത മത്സരങ്ങൾക്കും പുതിയ വെല്ലുവിളികൾക്കും വേണ്ടി കാത്തിരിക്കാം. അതിനൊപ്പം അടുത്ത റെക്കോർഡുകൾക്കും കിരീടങ്ങൾക്കും. എന്നെ വിശ്വസിക്കുക, ഈ കഥ ഇപ്പോഴും അവസാനിക്കുന്നില്ല. ഭാവി നാളെയാണ്, യുവന്റസിനും പോർചുഗലിനും ഇനിയും വിജയിക്കാൻ ഒരുപാടുണ്ട്." റൊണാൾഡോ കുറിച്ചു.

വിമർശനങ്ങളെ കരുത്താക്കുന്ന രീതി ഒരിക്കൽ കൂടി തെളിയിച്ച് റൊണാൾഡോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് ഇന്നലെ വിജയം നേടിയത്. ഇതോടെ സീരി എയിൽ മൂന്നാം സ്ഥാനത്താണ് ഇറ്റാലിയൻ ക്ലബ്.

facebooktwitterreddit