ഏറ്റവുമധികം വരുമാനമുള്ള ഫുട്ബോൾ താരങ്ങളുടെ ഫോർബ്സ് പട്ടികയിൽ ലയണൽ മെസിയെ പിന്നിലാക്കി റൊണാൾഡോ


ഈ വർഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഫുട്ബോൾ താരങ്ങളുടെ ഫോർബ്സ് പട്ടികയിൽ ലയണൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വമ്പൻ പ്രതിഫലക്കരാർ ഒപ്പിട്ട് യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയതാണ് പട്ടികയിൽ മുന്നിലെത്താൻ റൊണാൾഡോയെ സഹായിച്ചത്. ഫുട്ബോളിൽ നിന്നു ലഭിക്കുന്ന പ്രതിഫലത്തിന്റെ കൂടെ മറ്റു വരുമാനവും ചേർത്താണ് ഫോർബ്സ് പട്ടിക തയ്യാറാക്കുന്നത്.
ഫോർബ്സിന്റെ കണക്കുകൾ പ്രകാരം 2021-22 വർഷത്തിൽ റൊണാൾഡോയുടെ വരുമാനം 125 മില്യൺ യുഎസ് ഡോളറാണ്. ഇതിൽ എഴുപതു മില്യൺ ഡോളർ താരത്തിനു പ്രതിഫലമായും അൻപത്തിയഞ്ചു മില്യൺ ഡോളർ പരസ്യമടക്കമുള്ള മറ്റു കരാറുകളിലൂടെയും റൊണാൾഡോക്ക് ലഭിക്കുന്നു. പെർഫ്യൂം, അണ്ടർവെയർ, ഐവെയർ, ഹോട്ടൽ, ജിം എന്നിങ്ങനെയുള്ള സ്വന്തം ബ്രാൻഡുകളിലൂടെയുള്ള വരുമാനവും പോർച്ചുഗൽ നായകനുണ്ട്.
Forbes announced that Manchester United star Cristiano Ronaldo has passed Lionel Messi as the world's highest-paid soccer player at $125 million, including $55 million this year from off-field earnings https://t.co/IKkpvWGQEe
— Planet Fútbol (@si_soccer) September 21, 2021
അതേസമയം ബഡ്വൈസറുമായി പുതിയ കരാർ ഒപ്പിട്ടെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ മെസി ഈ വർഷം പിന്നിലേക്കു പോവുകയുണ്ടായി. ബാഴ്സലോണയിൽ ഒരു സീസണിൽ 97 മില്യൺ ഡോളർ പ്രതിഫലം വാങ്ങിയിരുന്ന താരം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയത് 75 മില്യൺ ഡോളറിന്റെ പ്രതിഫലക്കരാറിലാണ്. ഇതാണ് മെസി റൊണാൾഡോക്ക് പിന്നിലാവാനുള്ള പ്രധാന കാരണം.
പ്രതിഫലം അല്ലാതെയുള്ള വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ പ്രധാന അത്ലറ്റുകൾക്കൊപ്പം മുൻനിരയിൽ റൊണാൾഡോ നിൽക്കുന്നുണ്ട്. പ്രതിഫലമല്ലാതെ 158 മില്യൺ ഡോളർ വരുമാനം നേടുന്ന കോണർ മക്ഗ്രെഗർ, 90 മില്യൺ ലഭിക്കുന്ന റോജർ ഫെഡറർ, 65 മില്യൺ ഡോളർ നേടുന്ന ലെബ്രോൺ ജെയിംസ്, 60 മില്യൺ സ്വന്തമാക്കുന്ന ടൈഗർ വുഡ്സ് എന്നിവർക്കു പിന്നിലാണ് ഇക്കാര്യത്തിൽ റൊണാൾഡോയുള്ളത്.
അതേസമയം ഏറ്റവുമുയർന്ന വേതനം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം ലയണൽ മെസിക്കു തന്നെയാണ്. റൊണാൾഡോ ഒരു സീസണിൽ 70 മില്യൺ യൂറോ നേടുമ്പോൾ മെസിയുടെ പ്രതിഫലം 75 മില്യൺ യൂറോയാണ്. പിഎസ്ജിയിൽ മെസിയുടെ സഹതാരമായ നെയ്മറും അർജന്റീന താരത്തിനു സമാനമായ പ്രതിഫലം ക്ലബിൽ നിന്നും കൈപ്പറ്റുന്നുണ്ട്.
ഫോർബ്സിന്റെ പട്ടിക പ്രകാരം ഏറ്റവുമധികം വരുമാനം നേടുന്ന പത്തു ഫുട്ബോൾ താരങ്ങൾ:
ക്രിസ്റ്റ്യാനോ റൊണാൾഡോ - മാഞ്ചസ്റ്റർ യുണൈറ്റഡ് - 125 മില്യൺ ഡോളർ
ലയണൽ മെസി - പിഎസ്ജി - 110 മില്യൺ ഡോളർ
നെയ്മർ - പിഎസ്ജി - 95 മില്യൺ ഡോളർ
കെയ്ലിയൻ എംബാപ്പെ - പിഎസ്ജി - 43 മില്യൺ ഡോളർ
മൊഹമ്മദ് സലാ - ലിവർപൂൾ - 41 മില്യൺ ഡോളർ
റോബർട്ട് ലെവൻഡോസ്കി - ബയേൺ മ്യൂണിക്ക് - 35 മില്യൺ ഡോളർ
ആന്ദ്രേ ഇനിയേസ്റ്റ - വിസൽ കൊബെ - 35 മില്യൺ ഡോളർ
പോൾ പോഗ്ബ - മാഞ്ചസ്റ്റർ യുണൈറ്റഡ് - 34 മില്യൺ ഡോളർ
ഗാരത് ബേൽ - റയൽ മാഡ്രിഡ് - 32 മില്യൺ ഡോളർ
ഈഡൻ ഹസാർഡ് - റയൽ മാഡ്രിഡ് - 29 മില്യൺ ഡോളർ