'റൊണാൾഡോ ഗോളുകളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്' - ക്ലബിന്റെ മോശം പ്രകടനത്തിനു കാരണം താരമെന്ന് ഡച്ച് ഇതിഹാസം

Sreejith N
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / FreshFocus/MB Media/Getty Images
facebooktwitterreddit

ഗോളുകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിൽ പതറുന്നതിന്റെ പ്രധാന കാരണമെന്ന് നെതർലാൻഡ്‌സ് ഇതിഹാസമായ ഡാനി ബ്ലിൻഡ്. ഗോളുകൾ അടിക്കുകയെന്ന ലക്ഷ്യവുമായി കളിക്കുന്ന റൊണാൾഡോ നൽകുന്ന സമ്മർദ്ദം സഹതാരങ്ങളെ അവരുടെ ശൈലിയിൽ കളിക്കുന്നതിൽ നിന്നും തടയുന്നുവെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചുവരവിൽ അതിഗംഭീരമായ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ആറു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ ഇതുവരെ നേടിയ താരം ചില മത്സരങ്ങളിൽ യുണൈറ്റഡിനെ രക്ഷിക്കുന്നതിൽ പങ്കു വഹിച്ചെങ്കിലും കഴിഞ്ഞ കുറച്ചു കളികളിൽ സ്ഥിരതയോടെ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയാത്ത സാഹചര്യത്തിലാണ് ബ്ലിൻഡിന്റെ വിമർശനം.

"കളിക്കളത്തിൽ റൊണാൾഡോ വളരെ സജീവമായ ചുമതല വഹിക്കേണ്ടതിന്റെ ആവശ്യമില്ല. നിങ്ങൾ വേണ്ടത്ര സമയം എടുക്കുക. മറ്റു താരങ്ങൾ നിങ്ങളെ നോക്കി 'എങ്ങിനെയാണ് ഈ പ്രശ്‌നം പരിഹരിക്കുകയെന്നു' ചോദിക്കുന്നതു പോലെയും കാണാറുണ്ട്."

"സാധാരണയായിസ്‌ട്രൈക്കർ ഒരു സെൻട്രൽ ഡിഫെൻഡറിൽ നിന്നും മറ്റൊരാളിലേക്ക് ഓടിക്കൊണ്ടേയിരിക്കും. അതൊരുപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അവർക്കു പരിചിതമായ ശൈലിയിലല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചു കൊണ്ടിരിക്കുന്നത്," ഡച്ച് മാധ്യമം സ്പോർട്സ് ന്യൂസിനോട് ബ്ലിൻഡ് പറഞ്ഞു.

അതേസമയം പോഗ്ബ കളിക്കളത്തിൽ വളരെ സജീവമായി ഇടപെടുന്ന താരമാണെന്നും ബ്ലിൻഡ് പറഞ്ഞു. "ബോൾ നഷ്‌ടമായാൽ പോഗ്ബ പരമാവധി സമ്മർദ്ദം ചെലുത്താനുള്ള നിർദ്ദേശം നൽകുന്നതു കാണാം. റൊണാൾഡോ അതു ചെയ്യില്ല, താരം അങ്ങിനെയല്ല. ഗോളുകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന താരം മറ്റുള്ളവർ പന്തിൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് കരുതുക," ബ്ലിൻഡ് വ്യക്തമാക്കി.


facebooktwitterreddit