ഒരുപാട് കാലം നീണ്ടു നിന്ന വിജയകരമായ കരിയറിന്റെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
By Sreejith N

മുപ്പത്തിയേഴാം വയസിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോഴും തന്റെ ശരീരത്തെയും മനസിനെയും അതു ബാധിക്കാതെ നോക്കാൻ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിയുന്നുണ്ട്. പല കളിക്കാരും വിരമിക്കുന്ന ഈ പ്രായത്തിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി റൊണാൾഡോ തുടരുന്നതിന്റെ കാരണവും താരം വിട്ടുവീഴ്‌ചയില്ലാതെ പിന്തുടരുന്ന പ്രൊഫെഷണൽ സമീപനമാണ്.
തന്റെ കാമുകിയായ ജോർജിനോ റോഡ്രിഗസിന്റെ ജന്മദിനം ആഘോഷിക്കാനും ഇന്റർനാഷണൽ ബ്രേക്കിലെ ഒഴിവുദിനങ്ങൾ ചിലവഴിക്കാനും ദുബായിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ ഇത്രയും കാലം തന്റെ കരിയർ വിജയകരമായി നിലനിർത്തി പോരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി. ആരാധകരുമായുള്ള ഒരു സെഷനിടെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതേപ്പറ്റി പ്രതികരിച്ചത്.
Thanks for everything @dubai ?? #alwaystogether pic.twitter.com/2B7bFJODwA
— Cristiano Ronaldo (@Cristiano) January 29, 2022
"ഞാൻ എല്ലാ വർഷവും ഇവിടെ വരാറുണ്ട്, ഇതു നല്ലൊരു അനുഭവം തന്നെയാണ്." റൊണാൾഡോ പറഞ്ഞു. കരിയർ വിജയകരമായി ഇത്രയും കാലം നീണ്ടു നിന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള നിർദ്ദേശമാണ് റൊണാൾഡോ നൽകിയത്. "നന്നായി വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പരിശീലനം നടത്തുക, നിങ്ങളുടെ അച്ഛൻ പറയുന്നത് അനുസരിക്കുക." റൊണാൾഡോ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടപ്രതീക്ഷ ഇല്ലെങ്കിലും ക്ലബ്ബിനെ സാധ്യമായ ഏറ്റവും ഉയർന്ന പൊസിഷനിൽ എത്തിക്കാൻ തന്നെയാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിലും ടീമിന് കിരീടപ്രതീക്ഷ നിലനിൽക്കുന്നുണ്ട്. റാങ്നിക്കിനു കീഴിൽ ടീം മെച്ചപ്പെട്ടു വരുന്നുണ്ടെന്നതിനാൽ സീസണിന്റെ രണ്ടാം പകുതിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.