മരണത്തോടു പൊരുതിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് ഫുട്ബാൾ താരത്തിനു പിന്തുണാ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / Jonathan Moscrop/Getty Images
facebooktwitterreddit

സെപ്‌തംബർ നാലിനു നടന്ന ഒരു ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു മരണത്തോടു മല്ലടിച്ചു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയൻ ലീഗ് ഫുട്ബോളർ ഡാനി ഹോഡ്‌സണു പിന്തുണയറിയിക്കുന്ന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. നാഷണൽ പ്രീമിയർ ലീഗ്‌സ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇസിയു ജൂണ്ടല്പ്പിന്റെ താരമായിരുന്ന ഹോഡ്‌സൺ പെർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്.

യാതൊരു പ്രകോപനവും ഇല്ലാതെ തലക്കടിയേറ്റ ഹോഡ്‌സന്റെ തലയോട് പിളരുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്‌തിരുന്നു. നിലവിൽ ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിൽ തുടരുന്ന താരം ഇതുവരെയും അപകടനില തരണം ചെയ്‌തിട്ടില്ല. ഹോഡ്‌സണെ ആക്രമിച്ച പതിനഞ്ചു വയസു മാത്രം പ്രായമുള്ള ബാലനെ പോലീസ് പിന്നീട് പിടികൂടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച ഹോഡ്‌സണ് ഇരുപത്തിയാറു വയസു തികഞ്ഞ വേളയിലാണ് റൊണാൾഡോ താരത്തിനു സന്ദേശമയച്ചത്. "ഹായ് ഡാനി, ഞാൻ നിങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്തിടെ കേട്ടിരുന്നു. എത്രയും വേഗത്തിൽ നിങ്ങൾക്കു സുഖമാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു മത്സരം കാണാൻ വരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. എത്രയും പെട്ടന്നു സുഖമാകട്ടെ സുഹൃത്തേ.." ഇതായിരുന്നു റൊണാൾഡോയുടെ സന്ദേശം.

ഡാനി ഹോഡ്‌സനൊപ്പം കാർലൈൽ യുണൈറ്റഡിൽ കളിച്ചിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്‌സനും റൊണാൾഡോക്കു പുറമെ ഓസ്‌ട്രേലിയൻ താരത്തിന് പിന്തുണാ സന്ദേശം അയച്ചിരുന്നു. ഇതിനെ മറികടന്നു നിങ്ങൾ തിരിച്ചു വരുമെന്നും ആത്മബലം കൈവിടാതെ തുടരുകയെന്നുമാണ് ഡീൻ ഹെൻഡേഴ്‌സൺ അയച്ചത്.

ഇരുവർക്കും പുറമെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ യുകെയിൽ നിന്നുള്ള നിരവധി ക്ലബുകൾ താരത്തിന് പിന്തുണ നൽകി രംഗത്തെത്തി. ഹോഡ്‌സന്റെ ചികിത്സക്കായുള്ള പണം സ്വരൂപിക്കാൻ അദ്ദേഹം കളിച്ചിരുന്ന ക്ലബ് ഒരു മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

facebooktwitterreddit