റൊണാൾഡോയും നെയ്മറും ചെൽസിയിൽ ഒരുമിക്കാൻ സാധ്യത


സമകാലീന ഫുട്ബാളിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ചെൽസിയിൽ ഒരുമിക്കാൻ സാധ്യത. ഈ സമ്മറിൽ സ്വന്തം ക്ലബുകളിൽ നിന്നും പുറത്തു പോകാൻ ആഗ്രഹിക്കുന്ന ഈ താരങ്ങളെ ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് യൂറോസ്പോർട്ടിന്റെ അലസ്ദെയർ മക്കൻസീയാണ് റിപ്പോർട്ടു ചെയ്തത്.
റൊണാൾഡോയെ സ്വന്തമാക്കുന്ന കാര്യം ചെൽസിയുടെ പരിഗണനയിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ദി അത്ലറ്റികിന്റെ ഡേവിഡ് ഓൺസ്റ്റീൻ റിപ്പോർട്ടു ചെയ്തിരുന്നു. ക്ലബിന്റെ പുതിയ ഉടമയായ ടോഡ് ബോഹ്ലി റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസുമായി കൂടിക്കാഴ്ച നടത്തി ട്രാൻസ്ഫർ സാധ്യതകൾ അന്വേഷിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Cristiano Ronaldo was offered to Chelsea and Neymar is open to a Stamford Bridge move.
— Nizaar Kinsella (@NizaarKinsella) July 4, 2022
The focus is all on Raheem Sterling with Thomas Tuchel not keen to be seduced by star power: https://t.co/rpgpbMeb1H #CFC
അതേസമയം പിഎസ്ജി നെയ്മറെ വിൽക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. എംബാപ്പെ കരാർ നീട്ടിയതോടെയാണ് നെയ്മറെ ടീമിൽ നിന്നും ഒഴിവാക്കാൻ പിഎസ്ജി ശ്രമിക്കുന്നത്. ഇഎസ്പിഎന്നിന്റെ ജൂലിയൻ ലോറൻസ് റിപ്പോർട്ട് ചെയ്തതു പ്രകാരം ബ്രസീലിയൻ താരവുമായി ചെൽസി നേരത്തെ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
എന്നാൽ രണ്ടു പേരും ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങൾ ആയതിനാൽ തന്നെ ചെൽസി പരിശീലകൻ തോമസ് ടുഷെലിന് ട്രാൻസ്ഫറിൽ അത്ര താൽപര്യമില്ലെന്ന് മക്കൻസീയുടെ റിപ്പോർട്ട് പറയുന്നു. സൂപ്പർതാരങ്ങൾ ടീമിലേക്കു വരുന്നത് തന്റെ ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുമെന്നാണ് ജർമൻ പരിശീലകൻ കരുതുന്നത്.
പ്രധാന സ്ട്രൈക്കറായിരുന്ന റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്കു തന്നെ തിരിച്ചു പോയതോടെ അടുത്ത സീസണിൽ ആക്രമണനിരയിൽ പുതിയൊരു താരത്തെ എത്തിക്കേണ്ടത് ചെൽസിക്ക് ആവശ്യമാണ്. രണ്ടു പ്രതിരോധതാരങ്ങളും ഫ്രീ ഏജന്റായി ക്ലബ് വിട്ടതോടെ കഴിഞ്ഞ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെൽസിയിൽ ഒരു അഴിച്ചുപണി അനിവാര്യമാണ്.
നെയ്മർ പിഎസ്ജിയിൽ നിന്നും ചെൽസിയിൽ എത്താനുള്ള സാധ്യതയുണ്ടെങ്കിലും റൊണാൾഡോയുടെ കാര്യത്തിൽ അത് ഉറപ്പിക്കാൻ കഴിയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള തങ്ങളുടെ എതിരാളികൾക്ക് താരത്തെ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുമോയെന്ന് കണ്ടറിയേണ്ടതാണ്. അതേസമയം ട്രാൻസ്ഫറിനായി റൊണാൾഡോ സമ്മർദ്ദം ചെലുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.