റൊണാൾഡോ വിരമിക്കുന്നതിന് മുന്നേ സ്പോർട്ടിങ്ങിലേക്ക് തിരിച്ചെത്തണം; ആഗ്രഹം വെളിപ്പെടുത്തി താരത്തിന്റെ മാതാവ്

By Gokul Manthara
FBL-ESP-REALMADRID-RONALDO-SCORER
FBL-ESP-REALMADRID-RONALDO-SCORER / GERARD JULIEN/Getty Images
facebooktwitterreddit

ഫുട്ബോൾ മൈതാനത്ത് നിന്ന് വിരമിക്കുന്നതിന് മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോ അവന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലേക്ക് തിരിച്ചെത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്ന് താരത്തിന്റെ മാതാവായ മരിയ ഡോളോറസ് അവൈറോ. അത് നടന്നില്ലെങ്കിൽ, താരത്തിന്റെ പുത്രനായ ക്രിസ്റ്റ്യാനീഞ്ഞോ സ്പോർട്ടിങ്ങിന് വേണ്ടി കളിക്കുമെന്നും ഡോളോറസ് വ്യക്തമാക്കി.‌ കഴിഞ്ഞ ദിവസം എഡിഎൻ ലിയാവോ പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു സ്പോർട്ടിംഗ് ക്ലബ്ബിന്റെ കടുത്ത ആരാധികയായ ഡോളോറസ് ഇങ്ങനെ പറഞ്ഞത്.

"റൊണാൾഡോ ഇങ്ങോട്ടേക്ക് (സ്പോർട്ടിംഗ്) തിരിച്ചു വരണം. സ്പോർട്ടിംഗിന്റെ മത്സരങ്ങൾ കാണാൻ അവൻ ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ മരിക്കുന്നതിന് മുന്നേ റൊണാൾഡോ സ്പോർട്ടിംഗിലേക്ക് മടങ്ങിയെത്തുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഇതിനോടകം അവനോട് പറഞ്ഞിട്ടുണ്ട്," ഡോളോറസ് പറഞ്ഞു.

റൊണാൾഡോ സ്പോർട്ടിംഗിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മകന്റെ പുത്രനായ ക്രിസ്റ്റ്യാനീഞ്ഞോ അവിടെയെത്തുമെന്നും ഡോളോറസ് പറയുന്നു. നിലവിൽ പതിനൊന്നുകാരനായ ക്രിസ്റ്റ്യാനീഞ്ഞോ, റൊണാൾഡോ ഇതേ പ്രായത്തിൽ കളിച്ചിരുന്നതിനേക്കാൾ മികച്ച രീതിയിൽ ഇപ്പോൾ കളിക്കുന്നുണ്ടെന്നും പോർച്ചുഗീസ് ഇതിഹാസത്തിന്റെ മാതാവ് അഭിപ്രായപ്പെട്ടു. റൊണാൾഡോക്ക് ഈ പ്രായത്തിൽ പരിശീലകനില്ലായിരുന്നുവെന്നും, എന്നാൽ ക്രിസ്റ്റ്യാനീഞ്ഞോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അധ്യാപകനായുണ്ടെന്നും ഡോളോറസ് ഇതിനൊപ്പം കൂട്ടിച്ചേർത്തു.

അതേ സമയം നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളികാരിലൊരാളായ റൊണാൾഡോ തന്റെ സീനിയർ കരിയർ തുടങ്ങിയ ക്ലബ്ബാണ് സ്പോർട്ടിംഗ് സിപി. അവിടെ കളിച്ചു കൊണ്ടിരുന്നപ്പോളായിരുന്നു 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നത്. സ്പോർട്ടിംഗിനായി തന്റെ കരിയറിൽ 31 മത്സരങ്ങൾ കളിച്ചിട്ടുള്ള റോണോ 5 ഗോളുകൾ നേടിയതിനൊപ്പം 6 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.


facebooktwitterreddit