Football in Malayalam

മെസിയുമെത്തിയതോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളുമായി നിൽക്കുന്ന പിഎസ്‌ജിക്ക് മുന്നറിയിപ്പുമായി റൊണാൾഡോ

Sreejith N
Paris Saint Germain v RC Strasbourg - Ligue 1
Paris Saint Germain v RC Strasbourg - Ligue 1 / John Berry/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയ സൂപ്പർതാരങ്ങളുടെ സൈനിംഗുകൾക്കൊപ്പം അർജന്റീനിയൻ താരം ലയണൽ മെസിയെക്കൂടി സ്വന്തമാക്കാൻ കഴിഞ്ഞതോടെ വലിയ പ്രതീക്ഷയിലാണ് പിഎസ്‌ജി ആരാധകർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നെയ്‌മർ, എംബാപ്പെ മുതലായ നിരവധി സൂപ്പർ താരങ്ങൾ ശ്രമിച്ചിട്ടു നടക്കാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം ഇത്തവണ നടക്കുമെന്ന പ്രതീക്ഷ ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്കുണ്ട്.

ലയണൽ മെസിക്കു പുറമെ, നെയ്‌മർ, എംബാപ്പെ, റാമോസ്, ഡോണറുമ്മ, ഡി മരിയ, മാർക്വിന്യോസ്, വൈനാൽഡം, വെറാറ്റി തുടങ്ങി നിരവധി സൂപ്പർതാരങ്ങളാണ് പിഎസ്‌ജിയിലുള്ളത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായി അവർ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അതു മാത്രം മതിയാവില്ല ചാമ്പ്യൻസ് ലീഗ് നേടാനെന്ന മുന്നറിയിപ്പാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നൽകുന്നത്.

"ചാമ്പ്യൻസ് ലീഗ് ആരു വിജയിക്കുമെന്ന് ഇപ്പോൾ തന്നെ പറയുന്നത് വളരെ നേരത്തെയാകും. ക്വാർട്ടർ ഫൈനൽ മുതലാണ് അതിന്റെ ചിത്രം തെളിഞ്ഞു വരാൻ തുടങ്ങുക. പിഎസ്‌ജി തന്നെയാണ് മുൻനിരയിൽ ഉള്ളതെങ്കിലും സംസാരിക്കുന്നത് ഒരു കാര്യവും കളിക്കുകയെന്നത് മറ്റൊരു കാര്യവുമാണ്." എൽ പ്രസിഡന്റെ സീരീസിന്റെ ഭാഗമായി ഡിഎസെഡ്എൻ നടത്തിയ അഭിമുഖത്തിൽ റൊണാൾഡോ അഭിപ്രായപ്പെട്ടു.

"ഒരുപാട് ഘടകങ്ങൾ മൈതാനത്തു നിന്നും ലഭിക്കുന്ന ഫലത്തെ സ്വാധീനിക്കും. ഞാൻ റയൽ മാഡ്രിഡിനൊപ്പം അഞ്ചു സീസണുകൾ കളിച്ചിരുന്നു. ഗലാറ്റിക്കോസുള്ള ടീമിലാണ് കളിച്ചതെങ്കിലും ചാമ്പ്യൻസ് ലീഗ് ഇതുവരെയും നേടാൻ കഴിഞ്ഞിട്ടില്ല. മികച്ച താരങ്ങളുള്ളതു കൊണ്ട് വിജയം യാന്ത്രികമായി സംഭവിക്കില്ല, അതു പിഎസ്‌ജിക്കും ബാധകമാണ്." റൊണാൾഡോ പറഞ്ഞു.

പിഎസ്‌ജി സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പക്ക്‌ താനുമായി പല കാര്യങ്ങളിലും സാമ്യതയുണ്ടെന്നും അതിനൊപ്പം റൊണാൾഡോ കൂട്ടിച്ചേർത്തു. മികച്ച ടെക്‌നിക്കും സ്‌പീഡും ഡിഫെൻഡർമാരെയും ഗോൾകീപ്പർമാരെയും അനായാസം കീഴടക്കാനുള്ള താരം ഇനിയുമേറെ ദൂരം മുന്നോട്ടു പോകുമെന്നാണ് റൊണാൾഡോയുടെ അഭിപ്രായം.

facebooktwitterreddit