Football in Malayalam

'ആ ഹെയർസ്റ്റൈലിന് ഞാൻ എല്ലാ അമ്മമാരോടും ക്ഷമ ചോദിക്കുന്നു' - 19 വർഷങ്ങൾക്ക് ശേഷം മനസ് തുറന്ന് റൊണാൾഡോ

Gokul Manthara
AS Photo Archive
AS Photo Archive / Alessandro Sabattini/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു ബ്രസീലിന്റെ റൊണാൾഡോ നസാരിയോ. എതിർ പ്രതിരോധനിരകളെ കീറി മുറിച്ച് ഗോളുകൾ നേടുന്നതിൽ അഗ്രഗണ്യനായിരുന്ന റൊണാൾഡോ തന്റെ വ്യത്യസ്ത സ്റ്റൈലുകളിലൂടെയും പതിവായി വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ്. റൊണാൾഡോയുടെ സ്റ്റൈലുകളിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ചർച്ച ചെയ്തത് ഒരുപക്ഷെ 2002ലെ ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെ താരത്തിന്റെ ഹെയർ കട്ടാകും.

തന്റെ തലയുടെ മുൻ വശത്ത് മാത്രം കുറച്ച് കുറ്റി മുടികൾ നിർത്തി ബാക്കി ഭാഗം മുഴുവനും ഷേവ് ചെയ്തായിരുന്നു തുർക്കിക്കെതിരായ സെമി ഫൈനലിൽ അന്ന് റൊണാൾഡോ കളിക്കാനിറങ്ങിയത്. താരത്തിന്റെ ഹെയർസ്റ്റൈൽ ലോകം മുഴുവൻ ചർച്ചയാവുകയും, കുട്ടികൾ ഉൾപ്പെടെയുള്ളവർ ആ ഹെയർസ്റ്റൈൽ അനുകരിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ 19 വർഷങ്ങൾക്ക് മുൻപുള്ള തന്റെ ഹെയർസ്റ്റൈലിന് ലോകമെമ്പാടുമുള്ള അമ്മമാരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് റൊണാൾഡോ. തന്റെ വിചിത്ര ഹെയർസ്റ്റൽ നിരവധി കുട്ടികൾ അനുകരിച്ചെന്ന് അറിയാവുന്ന റൊണാൾഡോ ഇതിന്റെ പേരിലാണ് അമ്മമാരോട് ക്ഷമ ചോദിക്കുന്നത്.

തന്റെ ആ വിചിത്ര ഹെയർസ്റ്റൈലിന് പിന്നിൽ ഒരു കാരണമുണ്ടെന്നും അല്ലാതെ താൻ ഇഷ്ടത്തോട് കൂടിയല്ല അത്തരമൊരു സ്റ്റൈൽ സ്വീകരിച്ചതെന്നും ഇതിനൊപ്പം റൊണാൾഡോ വെളിപ്പെടുത്തി. തുർക്കിക്കെതിരായ സെമി‌പോരാട്ടത്തിന് മുൻപ് തനിക്ക് പരിക്കേറ്റതായും, അതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യമില്ലാതിരുന്നതിനാൽ അവരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയായിരുന്നു അത്തരമൊരു ഹെയർസ്റ്റൈൽ താൻ കൊണ്ടു‌വന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.‌ അന്നത്തെ തന്റെ ഹെയർകട്ട് സഹതാരങ്ങൾക്കും ഇഷ്ടമായില്ലെന്ന് ചൂണ്ടിക്കാട്ടിയ റൊണാൾഡോ, ഈ ഹെയർകട്ട് ഭീകരമാണെന്നും, അത് മുറിച്ച് കളയണമെന്നും തന്നോട്‌ എല്ലാവരും ആവശ്യപ്പെട്ടതായും സംസാരത്തിനിടെ ഓർത്തെടുത്തു.

അതേ സമയം ബ്രസീൽ കിരീടം ചൂടിയ 2002ലെ ലോകകപ്പിൽ ഉജ്ജ്വല പ്രകടനമായിരുന്നു റൊണാൾഡോ കാഴ്ച വെച്ചത്. എട്ട് ഗോളുകളോടെ ടൂർണമെന്റിലെ ടോപ് സ്കോററായ താരം, ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിൽ രണ്ട് ഗോളുകളും സ്കോർ ചെയ്തിരുന്നു.


facebooktwitterreddit