Football in Malayalam

റയൽ മാഡ്രിഡിനേക്കാൾ റോണാൾഡോ ചേക്കേറാൻ സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

Sreejith N
FBL-EUR-NATIONS-FRA-POR
FBL-EUR-NATIONS-FRA-POR / FRANCK FIFE/Getty Images
facebooktwitterreddit

പോർട്ടോയോട് പരാജയപ്പെട്ട് യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും ശക്തമാണ്. മൂന്നു സീസണുകളായി യുവന്റസിനൊപ്പം താരമുണ്ടെങ്കിലും പതിവിൽ കൂടുതൽ നേട്ടങ്ങളൊന്നും ഇറ്റാലിയൻ ക്ലബിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു.

താരം യുവന്റസ് വിടുകയാണെങ്കിൽ റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാൻ ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് നടത്തിയത്. എന്നാൽ റൊണാൾഡോ റയലിനേക്കാൾ ചേക്കേറാൻ സാധ്യതയുള്ള ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്നാണ് ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്‌പോർട് റിപ്പോർട്ട് ചെയ്യുന്നത്.

പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് സജീവമായ ശ്രമങ്ങൾ നടത്തുന്നതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്പെയിനിലേക്കുള്ള മടങ്ങിവരവിന് തടസം സൃഷ്ടിക്കുന്നത്. അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന എംബാപ്പയെ വിൽക്കാൻ പിഎസ്‌ജി നിർബന്ധിതരാകും എന്നതു കൊണ്ടു തന്നെ റയലിലേക്ക് ഫ്രഞ്ച് താരം എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

സമകാലീന ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമായ എംബാപ്പക്കു പുറമെ ബൊറൂസിയ ഡോർട്മുണ്ടിന്റെ എർലിങ് ബ്രൂട് ഹാലാൻഡിനെയും റയൽ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഗോളടി യന്ത്രങ്ങളായ ഇവരിലൊരാളെ സ്വന്തമാക്കാൻ കഴിഞ്ഞാൽ റൊണാൾഡോക്ക് വേണ്ടി നിലവിലെ സാമ്പത്തിക അവസ്ഥ വെച്ച് റയൽ മാഡ്രിഡ് കൂടുതൽ ശ്രമം നടത്താൻ സാധ്യതയില്ല.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് റൊണാൾഡോക്ക് എളുപ്പമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്ന് അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ പറഞ്ഞിരുന്നു. ഗോളുകളടിച്ചു കൂട്ടാൻ കഴിയുന്ന ഒരു താരത്തിന്റെ സാന്നിധ്യം യുണൈറ്റഡിന് ഇപ്പോൾ അത്യാവശ്യവുമാണ്.

facebooktwitterreddit