വിമർശനങ്ങളുടെ മുനയൊടിച്ച ഹാട്രിക്ക് നേട്ടത്തിനു ശേഷം പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
By Sreejith N

കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബി മത്സരം നഷ്‌ടമായതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ടോട്ടനവുമായി ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഹാട്രിക്ക് നേട്ടത്തോടെ മറുപടി നൽകിയതിനു ശേഷം പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ താരം അങ്ങിനെയെങ്കിൽ ടീമിന് അതിരുകൾ ഉണ്ടാകില്ലെന്ന് പറഞ്ഞു.
കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബി മത്സരത്തിനു മുൻപേ പരിക്കേറ്റ റൊണാൾഡോ സ്റ്റേഡിയത്തിലെത്തി സഹതാരങ്ങൾക്ക് പിന്തുണ നൽകാൻ പോലും തയ്യാറാവാതെ പോർചുഗലിലേക്ക് പോയതാണ് ഏറെ വിവാദങ്ങൾക്ക് കാരണമായത്. താരത്തിന്റെ പ്രവൃത്തിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങൾക്ക് അതൃപ്‌തിയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതിനു പിന്നാലെ റൊണാൾഡോ മത്സരത്തിൽ പങ്കെടുക്കാതിരുന്നതിനെ പലരും വിമർശിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ പോർച്ചുഗലിൽ നിന്നും തിരിച്ചെത്തിയ റൊണാൾഡോ ഇതിനെല്ലാമുള്ള മറുപടി തന്റെ കാലുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു. ടോട്ടനത്തിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പൊരുതി വിജയം നേടിയ മത്സരത്തിൽ ടീമിന്റെ മൂന്നു ഗോളുകളും നേടിയ റൊണാൾഡോ ടീമിന്റെ ടോപ് ഫോർ പ്രതീക്ഷകൾ വീണ്ടും സജീവമാക്കി നിലനിർത്തി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്‌തു.
"മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷമുള്ള എന്റെ ആദ്യത്തെ ഹാട്രിക്കിൽ വളരെയധികം സന്തോഷമുണ്ട്. കളിക്കളത്തിലേക്ക് തിരിച്ചെത്താനും പരിശ്രമവും ഗോളുകളും കൊണ്ട് ടീമിനെ സഹായിക്കാനും കഴിയുകയെന്നതു നൽകുന്ന വികാരത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ല."
"ഏതു ദിവസത്തിലും ഏതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചു. കഠിനമായി അധ്വാനിക്കുകയും ഒരുമിച്ച് നിൽക്കുകയും ചെയ്‌താൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിരുകളില്ല. എന്തു തന്നെയാണെങ്കിലും, മുന്നോട്ട് ഡെവിൾസ്." റൊണാൾഡോ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ നിർണായക മത്സരം നടക്കാനിരിക്കെ റൊണാൾഡോയുടെ ഫോമും ടീമിന്റെ പ്രകടനവും മാഞ്ചസ്റ്റർ യുണൈറ്റഡിന് ചെറിയ ആത്മവിശ്വാസമല്ല നൽകിയിരിക്കുന്നത്. ആദ്യപാദത്തിലെ സമനിലയെ അടുത്ത മത്സരത്തിൽ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.