ക്രിസ്റ്റ്യാനോ റൊണാൾഡോ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറാൻ സാധ്യത


മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറാൻ സാധ്യത. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹമുള്ള താരത്തെ കാൻസർ ബാധിതനായ സെബാസ്റ്റ്യൻ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ട് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണു മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.
ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഗ്രഹത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ ജർമൻ ക്ലബ്ബിന്റെ ഓഫർ വന്നാൽ അതു താരം പരിഗണിക്കാൻ വളരെ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ജർമൻ ലീഗിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ക്ലബാണ് ബൊറൂസിയ ഡോർട്മുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ജർമൻ ക്ലബിനു കഴിയുമെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതു വഴി ജർമനിയിൽ കൂടുതൽ കരുത്തരാകുന്നതിനൊപ്പം ആഗോള തലത്തിൽ ഡോർട്മുണ്ടിനും വളരെയധികം ശ്രദ്ധ കൂടുതൽ ലഭിക്കും. അവരുടെ വിപണിമൂല്യത്തിലും വരുമാനത്തിലുമെല്ലാം അതു മാറ്റമുണ്ടാക്കുകയും ചെയ്യും.
എർലിങ് ബ്രൂട്ട് ഹാലാൻഡ് ക്ലബ് വിട്ട ഒഴിവിലേക്കാണ് ഡച്ച് ക്ലബായ അയാക്സിൽ നിന്നും സെബാസ്റ്റ്യൻ ഹാളറെ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കുന്നത്. എന്നാൽ പ്രീ സീസൺ മത്സരങ്ങൾ നടക്കുന്നതിനു മുന്നോടിയായുള്ള പരിശീലനത്തിൽ താരത്തിന് ക്യാൻസർ ബാധ കണ്ടെത്തുകയായിരുന്നു. ഹാളർക്ക് ചികിത്സ ആരംഭിച്ചതോടെ താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോർട്മുണ്ട്.