റൊണാൾഡോയുടെ ജേഴ്സി വിൽപ്പന പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിക്കുന്നു


മുപ്പത്തിയാറു വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്നും സ്വന്തമാക്കാൻ പതിമൂന്നു മില്യൺ പൗണ്ടോളമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കിയത്. ട്രാൻസ്ഫർ നടന്നതിനു ശേഷം താരത്തിന് ഏഴാം നമ്പർ ജേഴ്സിയും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുകയുണ്ടായി. ഇപ്പോൾ ഈ ജേഴ്സി വിറ്റതിലൂടെ മാത്രം റൊണാൾഡോക്ക് വേണ്ടി മുടക്കിയ തുകയേക്കാൾ കൂടുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചുവെന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ലവ് ദി സെയിൽസ് ഡോട്ട് കോം എന്ന വെബ്സൈറ്റ് നടത്തിയ റിസേർച്ച് പ്രകാരം റൊണാൾഡോയുടെ ഏഴാം നമ്പർ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ഇതുവരെ 187 മില്യൺ യൂറോയുടെ വിൽപ്പന നടന്ന് പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും വേഗതയിൽ വിൽപ്പന നടന്നു കൊണ്ടിരിക്കുന്ന ജേഴ്സിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ജേഴ്സിക്കു വേണ്ടി നടക്കുന്ന ഓൺലൈൻ തിരച്ചിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് അറുനൂറ് ഇരട്ടിയാണെന്നും ഈ പഠനം വ്യക്തമാക്കുന്നു.
അതേസമയം റൊണാൾഡോയുടെ ജേഴ്സി വിൽപ്പനയിൽ മുഴുവൻ തുകയും മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കില്ല. വിൽക്കപ്പെടുന്ന ഓരോ ജേഴ്സിയുടെയും ഏഴു ശതമാനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്നത്. എങ്കിൽ തന്നെയും നിലവിലെ വിൽപ്പനയുടെ കണക്കുകൾ മാത്രമെടുത്താലും യുവന്റസുമായി അംഗീകരിച്ച റൊണാൾഡോയുടെ ട്രാൻസ്ഫർ ഫീസിനേക്കാൾ ഉയർന്ന തുകയായ 13 മില്യൺ പൗണ്ടിൽ കൂടുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ലയണൽ മെസി പിഎസ്ജിയിൽ എത്തിയതിനു ശേഷമുള്ള താരത്തിന്റെ ജേഴ്സി വിൽപ്പനയെ റൊണാൾഡോ മറികടന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇതുവരെ ഒരു മത്സരം പോലും കളിക്കാതെയാണ് റൊണാൾഡോ പുതിയ ചരിത്രം തന്റെ പേരിൽ കുറിച്ചു കൊണ്ടിരിക്കുന്നത്. ന്യൂകാസിൽ യുണൈറ്റഡിനെതിരെ അടുത്ത ദിവസം നടക്കുന്ന മത്സരത്തിൽ രണ്ടാം അരങ്ങേറ്റം കുറിക്കുന്നതോടെ കൂടുതൽ ചരിത്ര നേട്ടങ്ങളിലേക്കാവും റൊണാൾഡോ മുന്നേറുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.