Serie A

ഇറ്റാലിയൻ ലീഗിലെ ജീവന്മരണ പോരാട്ടത്തിനു മുൻപ് റൊണാൾഡോയെ പുകഴ്ത്തി എസി മിലാൻ പ്രതിരോധതാരം

Sreejith N
Udinese Calcio v Juventus  - Serie A
Udinese Calcio v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

സീരി എയിൽ നിന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനു വേണ്ടിയുള്ള ഏറ്റവും നിർണായകമായ പോരാട്ടം ഇന്നു നടക്കാനിരിക്കെ യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് എസി മിലാൻ പ്രതിരോധതാരം സിമോൺ ക്യേർ. എല്ലായിപ്പോഴും ഒരു ചാമ്പ്യനാണു റൊണാൾഡോയെന്നു പറഞ്ഞ എസി മിലാൻ താരം ഗോളുകൾക്കു വേണ്ടിയാണ് പോർച്ചുഗൽ നായകൻ ജീവിക്കുന്നതെന്നും വ്യക്തമാക്കി.

ഒരു ഗോൾ കൂടി നേടിയാൽ യുവന്റസിനൊപ്പം നൂറു ഗോളുകളെന്ന നേട്ടം സ്വന്തമാക്കാൻ കഴിയുന്ന റൊണാൾഡോയെ മത്സരത്തിൽ നിശബ്ദമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും താൻ താരത്തിന്റെ വലിയൊരു ആരാധകനാണെന്നാണ് ക്യേർ പറയുന്നത്. മത്സരത്തിനു മുന്നോടിയായി സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു ഡാനിഷ് താരം.

"അദ്ദേഹത്തിനെതിരെ കളിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. പതിനൊന്നോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുൻപ് ആദ്യമായി (നേരിട്ടത്) മുതൽ. മുൻപത്തേതിൽ നിന്നും അദ്ദേഹം ഒരുപാട് മാറിയിരിക്കുന്നു. പക്ഷെ, അദ്ദേഹം എല്ലായ്‌പോഴും ഒരു ചാമ്പ്യനാണ്, അക്കാര്യം ചർച്ച ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഗോളുകൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്. ഒരു മത്സരം മങ്ങിയ രീതിയിൽ കളിച്ചാലും, 90ആം മിനുറ്റിൽ ഒരു അവസരം ലഭിച്ചാൽ, അത് ഗോളാക്കാൻ അദ്ദേഹം എല്ലാം ചെയ്യുന്നു, " ക്യേർ പറഞ്ഞു.

സീരി എയിൽ നാലാമതും അഞ്ചാമതും നിൽക്കുന്ന യുവന്റസും എസി മിലാനും തമ്മിലുള്ള പോരാട്ടത്തിൽ വിജയിക്കേണ്ടത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ അനിവാര്യമാണ്. സ്വന്തം മൈതാനത്തു വെച്ചാണ് മത്സരമെന്നതും കഴിഞ്ഞ മത്സരത്തിൽ യുഡിനസിനെതിരെ ഇരട്ടഗോൾ നേടി യുവന്റസിനു വിജയം സമ്മാനിച്ച റൊണാൾഡോ ഫോമിലാണെന്നതും ഓൾഡ് ലേഡിക്ക് പ്രതീക്ഷയാണ്.

അതേസമയം സീസണിന്റെ തുടക്കത്തിൽ മുന്നിൽ നിന്നതിനു ശേഷമാണ് എസി മിലാൻ പുറകോട്ടു പോയത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോറ്റതാണ് മിലാനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യതകളെ പുറകോട്ടു കൊണ്ടു പോയത്.


facebooktwitterreddit