Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതയേറുന്നു

Sreejith N
Cristiano Ronaldo Linked With A Move To Atletico Madrid
Cristiano Ronaldo Linked With A Move To Atletico Madrid / Catherine Ivill/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌പാനിഷ്‌ ക്ലബ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിക്കുന്നു. വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടിയാണ് തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ നഗരവൈരികളുടെ തട്ടകത്തിലേക്ക് ചേക്കേറാൻ റൊണാൾഡോ തയ്യാറെടുക്കുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം അത്ലറ്റികോ പരിശീലകനായ ഡീഗോ സിമിയോണിക്ക് റൊണാൾഡോയെ ടീമിലെത്തിക്കാൻ താൽപര്യമുണ്ട്. 37 വയസുള്ള പോർച്ചുഗൽ താരത്തെ നമ്പർ വൺ താരമായും തുടർച്ചയായ വിജയങ്ങൾ നേടുന്ന കളിക്കാരനായുമാണ് അർജന്റീനിയൻ പരിശീലകൻ കരുതുന്നത്.

2020-21 സീസണിൽ ലാ ലിഗ കിരീടം സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡിനു പക്ഷെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. ലീഗിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത ടീമിലെ പ്രധാന സ്‌ട്രൈക്കറായ ലൂയിസ് സുവാരസ് ക്ലബ് വിടുക കൂടി ചെയ്‌തതിനാൽ ഒരു മികച്ച ഗോൾവേട്ടക്കാരനെ അത്ലറ്റികോ മാഡ്രിഡിന് ആവശ്യവുമാണ്.

അതേസമയം റൊണാൾഡോയെ ടീമിലെത്തിക്കാൻ അത്ലറ്റികോ മാഡ്രിഡ് ചുരുങ്ങിയത് നാൽപതു മില്യൺ യൂറോക്ക് നിലവിൽ ടീമിലുള്ള താരങ്ങളെ വിൽക്കേണ്ടി വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനിയും സമയമുള്ളതിനാൽ അടുത്ത സീസണിലേക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി റൊണാൾഡോയെ സ്വന്തമാക്കാൻ കഴിയുമെന്നു തന്നെയാണ് അത്ലറ്റികോ കരുതുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന റൊണാൾഡോയെ ചെൽസി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകൾ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അവർ രണ്ടു പേരും ട്രാൻസ്‌ഫറിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിനാൽ തന്നെ റൊണാൾഡോ അത്ലറ്റികോ മാഡ്രിഡിൽ എത്താനുള്ള സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit