Football in Malayalam

മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെ അധിക്ഷേപിച്ച് റൊണാൾഡോ ഫാൻ പേജ്, പോസ്റ്റിനു ലൈക്കും കമന്റും നൽകി റൊണാൾഡോ

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതോടെ ഏഴു ബാലൺ ഡി ഓർ നേട്ടങ്ങളുമായി ചരിത്രത്തിൽ ഏറ്റവുമധികം തവണ ഈ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തിരുത്തുക കൂടിയാണ് ലയണൽ മെസി ചെയ്‌തത്‌. അഞ്ചു ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിക്കു പിന്നിലുണ്ടെങ്കിലും ഇത്തവണത്തെ ബാലൺ ഡി ഓറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ആറാം സ്ഥാനമാണ്‌ ലഭിച്ചത്.

മെസിക്ക് ബാലൺ ഡി ഓർ പ്രഖ്യാപിച്ചതു മുതൽ അതിനെതിരെ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. മെസിയെക്കാൾ മികച്ച പ്രകടനം നടത്തിയ താരങ്ങൾ തഴയപ്പെട്ടതിൽ ഏതാനും താരങ്ങളും പരിശീലകരും തങ്ങളുടെ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചിടുന്നു. അതിനു പുറമെ പല ഫാൻ പേജുകളും മെസി ഇത്തവണ ബാലൺ ഡി ഓർ അർഹിക്കുന്നില്ലെന്ന വാദം ഉയർത്തുന്നുണ്ട്.

അതിനിടയിൽ cr7.o_lendario എന്ന പേരിലുള്ള റൊണാൾഡോയുടെ ഫാൻ പേജിൽ നിന്നും വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ചർച്ചയാകുന്നത്. എന്തുകൊണ്ട് മെസി ബാലൺ ഡി ഓർ അർഹിക്കുന്നില്ലെന്നും അവാര്ഡിനായുള്ള പോരാട്ടം റൊണാൾഡോ, ലെവൻഡോസ്‌കി എന്നിവർ തമ്മിലാണ് നടക്കേണ്ടിയിരുന്നതെന്നും പറയുന്ന പോസ്റ്റിനെ അംഗീകരിച്ച് റൊണാൾഡോ കമന്റ് ചെയ്‌തതാണ്‌ ഇത് ആരാധകർക്കിടയിൽ ചർച്ചയാകാൻ കാരണമാകുന്നത്.

കോപ്പ ഇറ്റലിയാനോ, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും യൂറോ കപ്പ് ടോപ് സ്‌കോറർ, ഇറ്റലിയിലെ ടോപ് സ്‌കോറർ എന്നിങ്ങനെയുള്ള റൊണാൾഡോയുടെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ എടുത്തു പറയുന്ന പോസ്റ്റിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി താരം നടത്തുന്ന മികച്ച പ്രകടനവും പരാമർശിക്കുന്നുണ്ട്. ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവും ഗോൾ നേടിയ താരം, ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോർഡുകളും സ്വന്തമാക്കിയ താരം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ നീതിയല്ലെന്ന് പോസ്റ്റ് പറയുന്നു.

അതേസമയം മെസിയുടെ നേട്ടങ്ങളെ ചെറുതാക്കിയാണ് പോസ്റ്റിൽ പറയുന്നത്. ബാഴ്‌സക്കൊപ്പം കോപ്പ ഡെൽ റേ മാത്രം സ്വന്തമാക്കിയ മെസി നാല് വർഷത്തിൽ നാലു തവണ നടത്തിയ കോപ്പ അമേരിക്ക കിരീടം ഉയർത്തിയത് വലിയ നേട്ടമല്ലെന്നും റൊണാൾഡോ റയൽ വിട്ടതിനു ശേഷം അവർക്കെതിരെ ഒരു ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. കോപ്പ അമേരിക്ക സെമിയിലും ഫൈനലിലും താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെന്നും നിലവിൽ പിഎസ്‌ജിക്കെതിരെ ഒരു മോശം സീസണാണ് താരം കളിക്കുന്നതെന്നും അതിൽ പറയുന്നു.

റൊണാൾഡോ ഈ അവാർഡ് നെടിയിരുന്നെങ്കിൽ അതിനെ മുന്നൂറു ശതമാനം ചോദ്യം ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മോശം സീസൺ കളിക്കുന്ന മെസിയെ ഇതിനു തിരഞ്ഞെടുത്തത് മോഷണവും നാണക്കേടുമാണെന്നും പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റിനു ലൈക്ക് ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പറഞ്ഞതെല്ലാം വസ്‌തുതയാണെന്നും കമന്റ് ചെയ്‌തിട്ടുണ്ട്‌.

ഒരു ഫാൻ പേജ് നടത്തിയ മെസിക്കെതിരായ വിമർശനങ്ങളെ പിന്തുണക്കുന്ന റൊണാൾഡോയുടെ പ്രവൃത്തിയെ വിമർശിച്ചും അതിനെ കളിയാക്കിയും നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്. സോഷ്യൽ മീഡിയയിലും ഫുട്ബോൾ ആരാധകരുടെ ഇടയിലുമെല്ലാം ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇതു തന്നെയാണ്.

facebooktwitterreddit