തുറന്ന അവസരം ലഭിച്ചിട്ടും പാസ് നൽകിയില്ല, ബ്രൂണോ ഫെർണാണ്ടസിനോട് രോഷം പ്രകടിപ്പിച്ച് റൊണാൾഡോ

Sreejith N
Manchester United v Watford - Premier League
Manchester United v Watford - Premier League / Jan Kruger/GettyImages
facebooktwitterreddit

വാട്ഫോഡിനെതിരെ ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചത്. ടോപ് ഫോറിനായി പൊരുതുന്ന അവർക്ക് വിജയം നേടേണ്ടത് അനിവാര്യമായിരുന്നു എങ്കിലും സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങുകയായിരുന്നു റെഡ് ഡെവിൾസ്. ഇതോടെ അടുത്ത മത്സരം വിജയിച്ചാൽ ആഴ്‌സണൽ നാലാം സ്ഥാനത്തേക്ക് മുന്നേറും.

മത്സരത്തിൽ നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം നിഷേധിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും മികച്ച അവസരങ്ങൾ പാഴാക്കിയപ്പോൾ അർഹിച്ച വിജയമാണ് അവർ കൈവിട്ടത്. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പോരായ്‌മ മുന്നേറ്റനിരയിൽ പ്രതിഫലിച്ചപ്പോൾ ലഭിച്ച അവസരങ്ങൾ അവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഇതിന്റെ അതൃപ്‌തി റൊണാൾഡോ പ്രകടിപ്പിക്കുകയും ചെയ്‌തു.

മത്സരം പന്ത്രണ്ടു മിനുട്ട് പിന്നിട്ട സമയത്താണ് ബ്രൂണോയുടെ പ്രവൃത്തിയിൽ റൊണാൾഡോ തന്റെ അതൃപ്‌തി പ്രകടിപ്പിച്ചത്. റൊണാൾഡോയും ആന്തണി എലാങ്കയും ചേർന്നു നടത്തിയ ഒരു മനോഹരമായ നീക്കത്തിനൊടുവിൽ ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്ത് നേരിട്ട് ഗോളിലേക്ക് പായിക്കാനാണ് ബ്രൂണോ ശ്രമിച്ചത്. അപ്പുറത്ത് ഫ്രീയായി നിൽക്കുന്ന റൊണാൾഡോക്ക് അതു പാസ് നൽകിയിരുന്നെങ്കിൽ ഓപ്പൺ നെറ്റിലേക്ക് അതു പായിക്കാൻ പോർച്ചുഗീസ് താരത്തിന് അവസരം ഉണ്ടായിരുന്നു,

ബ്രൂണോയുടെ ഷോട്ട് വാട്ഫോഡ് കീപ്പർ തടുത്തിട്ടതോടെ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന റൊണാൾഡോ തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലടിച്ചു പുറത്തു പോയതിനു ശേഷം നടന്ന സംഭവത്തിൽ റൊണാൾഡോ വളരെ നിരാശനായി എന്നതിൽ സംശയമില്ല. കൈകൾ ഉയർത്തി ബ്രൂണോയുടെ പ്രവൃത്തിയിൽ താരം പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

മത്സരത്തിലാകമാനം ഇരുപത്തിരണ്ടു ഷോട്ടുകൾ ഉതിർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തിനായി പൊരുതിയെങ്കിലും ഫൈനൽ തേർഡിലെ തീരുമാനങ്ങളുടെ പോരായ്‌മയും ദൗർഭാഗ്യവും അവർക്ക് വിജയം നിഷേധിച്ചു. നിലവിൽ നാലാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ രണ്ടു പോയിന്റ് മാത്രം പിന്നിൽ നിൽക്കുന്ന ആഴ്‌സണൽ മൂന്നു മത്സരം കുറവേ കളിച്ചിട്ടുള്ളൂ എന്നത് റെഡ് ഡെവിൾസിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യത ദുർബലപ്പെടുത്തുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit