മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫറിനു മുൻപ് റൊണാൾഡോ അത്ലറ്റികോ മാഡ്രിഡുമായും ചർച്ചകൾ നടത്തി


ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് പൂർത്തിയാക്കിയ റൊണാൾഡോ അതിനു മുൻപ് അത്ലറ്റികോ മാഡ്രിഡുമായും ട്രാൻസ്ഫർ സംബന്ധമായ ചർച്ചകൾ നടത്തിയിരുന്നുവെന്നു റിപ്പോർട്ടുകൾ. യുവന്റസിൽ തുടരാൻ കഴിയില്ലെന്നു താരം തീരുമാനിച്ചതിനെ തുടർന്ന് ഏജന്റായ ജോർജ് മെൻഡസ് നിരവധി ക്ലബുകളുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളിൽ ഏറ്റവും പുതിയ പേരാണ് അത്ലറ്റികോ മാഡ്രിഡ്.
കഴിഞ്ഞ മൂന്നു സീസണുകളിലും യുവന്റസിന്റെ ടോപ് സ്കോററായിരുന്നു റൊണാൾഡോ എങ്കിലും ഇറ്റലിയിൽ തുടരാൻ യാതൊരു താൽപര്യവും ഇല്ലാത്തതിനെ തുടർന്നാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ആദ്യം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരമെത്തുമെന്ന അഭ്യൂഹങ്ങളാണു ശക്തമായി ഉണ്ടായിരുന്നത് എങ്കിലും അപ്രതീക്ഷിത നീക്കത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ വീണ്ടും സ്വന്തമാക്കി.
Atlético Madrid reportedly turned down the chance to sign Cristiano Ronaldo this summer! ?
— Bet9ja (@Bet9jaOfficial) September 22, 2021
The front 4️⃣ that could have been ? pic.twitter.com/AZJ8Sf2dQ6
അതേസമയം കദേന സെറിന്റെ കറുസെൽ ഡീപോർടീവോയെ അടിസ്ഥാനമാക്കി ഡെയിലി മിറർ റിപ്പോർട്ടു ചെയ്തതു പ്രകാരം മറ്റു ക്ലബുകളുമായി നടത്തിയ ട്രാൻസ്ഫർ ചർച്ചകൾക്കൊപ്പം അത്ലറ്റികോ മാഡ്രിഡുമായും റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് ബന്ധപ്പെട്ടിരുന്നു. എന്നാൽ റയലുമായുള്ള നല്ല ബന്ധം അതുപോലെ നിലനിർത്താൻ വേണ്ടി റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം അത്ലറ്റികോ വേണ്ടെന്നു വെക്കുകയായിരുന്നു.
അത്ലറ്റികോയുടെ നഗരവൈരികളായ റയൽ മാഡ്രിഡിൽ കളിച്ച് ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരം ക്ലബിലേക്ക് എത്തിയാൽ അത്ലറ്റികോ മാഡ്രിഡ് ആരാധകർ അതിനെ നല്ല രീതിയിൽ സ്വീകരിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ടീമിനൊപ്പം നടത്തുന്നത്. രണ്ടാം വരവിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ റൊണാൾഡോയില്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ വെസ്റ്റ് ഹാമിനോട് തോറ്റ് കറബാവോ കപ്പിൽ നിന്നും പുറത്തു പോവുകയും ചെയ്തു.