Football in Malayalam

റൊണാൾഡോക്ക് നേതൃഗുണമില്ലെന്നും താരത്തെ യുവന്റസ് വിൽക്കണമെന്നും നിർദ്ദേശിച്ച് മുൻ താരം

Sreejith N
Juventus  v Genoa CFC - Serie A
Juventus v Genoa CFC - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

വ്യക്തികേന്ദ്രീകൃതമായി കളിക്കുന്ന റൊണാൾഡോ ഒരിക്കലും ഒരു നേതാവല്ലെന്നും താരത്തെ യുവന്റസ് ഒഴിവാക്കണമെന്നും നിർദ്ദേശിച്ച് ക്ലബിന്റെ മുൻതാരം മാസിമോ മൗറോ. 2018ൽ റയൽ മാഡ്രിഡിൽ നിന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവന്റസിലേക്ക് ചേക്കേറിയ റൊണാൾഡോ രണ്ടു സീരി എ കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിച്ചുവെങ്കിലും താരത്തെക്കൊണ്ട് ഉദ്ദേശിച്ച ഫലം ഓൾഡ് ലേഡിക്കുണ്ടായോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്.

യുവന്റസിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന റൊണാൾഡോ മൂന്നു തവണയും ക്ലബിന്റെ ടോപ് സ്കോററായിരുന്നെങ്കിലും ഇതുവരെയും യൂറോപ്പിൽ അപ്രമാദിത്വം കാണിക്കുന്ന പ്രകടനം നടത്താൻ യുവന്റസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും താരതമ്യേനെ ദുർബലരായ ലിയോൺ, പോർട്ടോ എന്നീ ക്ലബുകളോട് തോറ്റാണ് യുവന്റസ് പുറത്തായതെന്നത് താരത്തിനെതിരായ വിമർശനങ്ങൾ ശക്തമാക്കുകയും ചെയ്‌തിരുന്നു.

റൊണാൾഡോ യുവന്റസിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഗസറ്റ ഡെല്ല സ്പോർട്ടിനോട് മൗറോ പറഞ്ഞതിങ്ങനെയായിരുന്നു: "റൊണാൾഡോ കളിച്ച സ്ഥലങ്ങളിലൊന്നും അദ്ദേഹം ഒരു നേതാവായിരുന്നില്ല, ഒരിക്കലും അങ്ങിനെയാവാനും പോകുന്നില്ല. അദ്ദേഹം ഒരു കമ്പനിയെ പോലെയാണ്, ടീമിന്റെ വിജയത്തേക്കാൾ കമ്പനിയുടെ ലാഭമാണ് അവർക്കു പ്രധാനപ്പെട്ടത്.

"സ്വന്തം സഹതാരങ്ങളെ നിർത്താൻ റൊണാൾഡോ തയ്യാറല്ല, അവരെപ്പോഴും ഗോൾ നേടാൻ ബോൾ നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. റൊണാൾഡോ വ്യക്തികേന്ദ്രീകൃതമായി കളിക്കുന്നയാളാണ്, ഒരിക്കലും ടീം പ്ലേയേറല്ല.

"റിസൾട്ടുകൾ നോക്കുകയാണെങ്കിൽ റൊണാൾഡോ വന്നതിനു ശേഷം യുവന്റസിന്റെ പ്രകടനത്തിന് ഇപ്പോഴത്തേതിൽ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ചാമ്പ്യൻസ് ലീഗിലാണെങ്കിൽ വളരെ മോശമാവുകയും ചെയ്‌തു. അതുകൊണ്ടു തന്നെ പരസ്‌പരം പിരിയുകയാണ് രണ്ടു കക്ഷികൾക്കും നല്ലത്."

126 മത്സരങ്ങളിൽ നിന്നും 97 ഗോളുകൾ യുവന്റസിനായി നേടിയിട്ടുള്ള റൊണാൾഡോ ഈ സീസണു മുൻപേ ക്ലബിനായി നൂറു ഗോൾ നേട്ടം തികക്കുമെന്നതിൽ സംശയമില്ല. രണ്ടു സീരി എയും രണ്ടു സൂപ്പർകൊപ്പ ഇറ്റാലിയയും നേടിയ റൊണാൾഡോക്ക് ഇത്തവണത്തെ കോപ്പ ഇറ്റാലിയ നേടാൻ അവസരമുണ്ട്.


facebooktwitterreddit