റൊണാൾഡോ മറ്റുള്ളവരെപ്പോലെയല്ല, പരിശീലിപ്പിച്ച താരങ്ങളിൽ ഏറ്റവും മികച്ച മനോഭാവമുള്ളത് പോർച്ചുഗൽ നായകനെന്ന് അല്ലെഗ്രി

Dec 5, 2020, 11:04 AM GMT+5:30
Cristiano Ronaldo
Juventus v Dynamo Kyiv: Group G - UEFA Champions League | DeFodi Images/Getty Images
facebooktwitterreddit

താൻ പരിശീലിപ്പിച്ച കളിക്കാരിൽ ഏറ്റവും മികച്ച മനോഭാവമുള്ള താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. യുവന്റസിനൊപ്പമുള്ള അവസാന സീസണിലാണ് അല്ലെഗ്രി റൊണാൾഡോയെ പരിശീലിപ്പിച്ചിരുന്നത്. റയലിൽ നിന്നും യുവന്റസിലെത്തിയ ശേഷമുള്ള ആദ്യ സീസണിൽ ഇരുപത്തിയൊന്ന് ഗോളുകൾ നേടിയ റൊണാൾഡോ സീരി എ കിരീടം സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തിരുന്നു.

"കരുത്തരായ, വളരെ മികച്ച മനോഭാവമുള്ള നിരവധി താരങ്ങളെ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. കില്ലിനി, നെസ്റ്റ എന്നീ പ്രതിരോധ താരങ്ങൾ, മധ്യനിര താരങ്ങളായ ഗട്ടൂസോ, സീഡോർഫ്, സ്‌ട്രൈക്കർമാരായ ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം അതിലുൾപ്പെടുന്നു," അല്ലെഗ്രി ദി ടൈംസിനോട് പറഞ്ഞു.

"മാനസികമായ കരുത്തിലും മനോഭാവത്തിലും റൊണാൾഡോയാണ് മുന്നിലുള്ളത്. മറ്റുള്ളവരെക്കാൾ മുകളിലാണ് താരത്തിന്റെ സ്ഥാനം. അഞ്ചു ബാലൺ ഡി ഓർ, അഞ്ച് ചാമ്പ്യൻസ് ലീഗ്, പോർച്ചുഗലിനൊപ്പം ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം താരം സ്വന്തമാക്കി. അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, അതു തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എല്ലാ വർഷവും അദ്ദേഹത്തിന് പുതിയ ലക്ഷ്യങ്ങളുണ്ട്," അല്ലെഗ്രി പറഞ്ഞു.

യുവന്റസിൽ നിന്നും പടിയിറങ്ങിയതിനു ശേഷം പുതിയ ടീമുകളുടെ ചുമതലയൊന്നും ഇതുവരെ അല്ലെഗ്രി ഏറ്റെടുത്തിട്ടില്ല. പരിശീലകനായി സമീപഭാവിയിൽ തന്നെ തിരിച്ചെത്തുമെന്നു പറഞ്ഞ അദ്ദേഹം തന്റെ അടുത്ത ലക്ഷ്യം പ്രീമിയർ ലീഗാണെന്നും വെളിപ്പെടുത്തി.

2014 മുതൽ 2019 വരെ യുവന്റസ് പരിശീലകനായിരുന്ന അല്ലെഗ്രി അക്കാലയളവിലെ എല്ലാ സീരി എ കിരീടവും യുവന്റസിന് നേടിക്കൊടുത്തിട്ടുണ്ട്. ഇതിനു പുറമെ എസി മിലാനൊപ്പവും ഒരു സീരി എ സ്വന്തമാക്കിയിട്ടുള്ള അല്ലെഗ്രി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് യുവന്റസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.

facebooktwitterreddit