Serie A

"പിൻവലിക്കപ്പെട്ടിട്ടും റൊണാൾഡോയെ സന്തോഷത്തോടെ കാണുന്നത് ആദ്യമായാണ്" - ഇന്ററിനെതിരായ മത്സരത്തിനു ശേഷം പിർലോ

Sreejith N
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Valerio Pennicino/Getty Images
facebooktwitterreddit

ഇന്റർ മിലാനെതിരായ നിർണായക സീരി എ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിൻവലിക്കപ്പെട്ടതിൽ റൊണാൾഡോക്ക് യാതൊരു പരാതിയുമില്ലെന്നും താരം സന്തോഷവാനാണെന്നും വ്യക്തമാക്കി യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ. രണ്ടു ചുവപ്പുകാർഡുകളും അഞ്ചു ഗോളുകളും പിറന്ന് യുവന്റസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ആദ്യഗോൾ നേടിയത് റൊണാൾഡോയാണെങ്കിലും അറുപത്തിയൊമ്പതാം മിനുട്ടിൽ താരം പിൻവലിക്കപ്പെടുകയായിരുന്നു.

യുവന്റസിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ അൻപത്തിയഞ്ചാം മിനുട്ടിൽ റോഡ്രിഗോ ബെന്റാംഗർ ചുവപ്പുകാർഡ് വാങ്ങി പുറത്തായതിനു പിന്നാലെയാണ് റൊണാൾഡൊയുൾപ്പെടെ മൂന്നു താരങ്ങളെ പിൻവലിച്ച് പിർലോ പകരക്കാരെ ഇറക്കുന്നത്. യുവന്റസ് മുന്നിൽ നിന്നിരുന്ന സമയത്ത് നടത്തിയ സബ്സ്റ്റിറ്റിയൂഷന് ശേഷം ഇന്റർ ഒരു ഗോൾ കൂടി നേടി ഒപ്പമെത്തിയെങ്കിലും തിരിച്ചടിച്ച് യുവന്റസ് വിജയം സ്വന്തമാക്കുകയായിരുന്നു.

"പകരക്കാരനെ ഇറക്കുന്നതിൽ റൊണാൾഡോ സന്തോഷവാനായി കാണുന്നത് ആദ്യമായാണ്. ഞങ്ങളുടെ ഒരു താരത്തെ നഷ്ടമായ സമയത്തും താരം കളിക്കളത്തിൽ തുടർന്നിരുന്നെങ്കിൽ പിന്നീട് ഗോളവസരങ്ങളൊന്നും ലഭിക്കുമായിരുന്നില്ല. പിൻവലിച്ചതിനു ശേഷം ഡ്രസിങ് റൂമിൽ സന്തോഷവാനായി ചിരിക്കുന്ന താരത്തെയാണ് ഞാൻ കണ്ടത്," പിർലോ മത്സരത്തിനു ശേഷം സ്കൈ ഇറ്റാലിയയോട് പറഞ്ഞു.

റൊണാൾഡോയുടെ ഗോളിന് പുറമെ യുവാൻ ക്വാഡ്രാഡോ നേടിയ ഇരട്ടഗോളുകളാണ് ഇന്നലെ യുവന്റസിനെ വിജയത്തിലെത്തിച്ചത്. ഇന്ററിന്റെ ഒരു ഗോൾ ലുകാകു നേടിയപ്പോൾ മറ്റൊന്ന് കില്ലിനിയുടെ വക സെൽഫ് ഗോളായിരുന്നു. വിജയത്തോടെ താൽക്കാലികമായി യുവന്റസ് നാലാം സ്ഥാനത്ത് എത്തിയെങ്കിലും ഒരു മത്സരം കുറവു കളിച്ച നാപ്പോളി അതിൽ വിജയിച്ചാൽ യുവന്റസ് വീണ്ടും അഞ്ചാം സ്ഥാനത്തേക്കു തന്നെ വീഴും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit