യുവന്റസ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മികച്ചയിടം ലഭിക്കാനില്ലായിരുന്നെന്ന് നാനി


യുവന്റസിൽ അസ്വസ്ഥനായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മികച്ചൊരു സ്ഥലം ലഭിക്കാനില്ലായിരുന്നെന്ന് ക്ലബിലും ദേശീയ ടീമിലും താരത്തോടൊപ്പം കളിച്ച നാനി. മാഞ്ചസ്റ്റർ യുണൈറ്റഡിനു താൻ നൽകുന്ന പിന്തുണയെക്കുറിച്ച് പറയുമ്പോഴാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ യുവന്റസ് വിട്ട് ഓൾഡ് ട്രാഫോഡിൽ മടങ്ങിയെത്തിയതിനെപ്പറ്റി നാനി പരാമർശിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തുണക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ 'എല്ലായിപ്പോഴും' എന്നാണു താരം മറുപടി നൽകിയത്. "എനിക്കാ സമയത്ത് മറ്റൊരു മത്സരമില്ലെങ്കിൽ തീർച്ചയായും. ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടിയെത്തിയതോടെ അതു കൂടുതൽ വിശിഷ്ടമായി. യുവന്റസിൽ ഉണ്ടായിരുന്ന സമയത്തെ വാർത്തകളും സാഹചര്യങ്ങളും നോക്കുമ്പോൾ താരത്തിന് തിരിച്ചുപോകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ മികച്ചൊരു ഇടമുണ്ടെന്നു കരുതാൻ കഴിയില്ല."
"ആ വാർത്ത സത്യമാകുമെന്ന് അറിയാമായിരുന്നതു കൊണ്ടു തന്നെ അതു സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോഡും കാണുന്നത് ഒരു പ്രചോദനമാണ്, സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ അവിശ്വസനീയമാണ്. അവരെ കാണുന്നതും ഓർമകൾ അയവിറക്കുന്നതും സന്തോഷമാണ്," നാനി പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള മറ്റൊരു പോർച്ചുഗൽ സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസിന്റെ ട്രാൻസ്ഫറിനു പിന്നിൽ താൻ പങ്കു വഹിച്ചിട്ടുണ്ടെന്നും നാനി പറഞ്ഞു. സ്പോർട്ടിങ് ലിസ്ബണിൽ നാനി തിരിച്ചു വന്ന സമയത്ത് ഒപ്പം കളിച്ചിരുന്ന ബ്രൂണോയോട് ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകുന്നത് വളരെ ഗുണം ചെയ്യുമെന്നു പറഞ്ഞതായി താരം വെളിപ്പെടുത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ വളരെ വിജയകരമായൊരു കരിയർ പൂർത്തിയാക്കിയ താരമാണ് നാനി. പോർച്ചുഗൽ മുന്നേറ്റനിര താരം കളിച്ചിരുന്ന സമയത്ത് നാല് പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ എട്ടു കിരീടങ്ങൾ റെഡ് ഡെവിൾസ് സ്വന്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.