Football in Malayalam

തന്റെ മകന് തനിക്കുണ്ടായിരുന്ന വീറും വാശിയും ആഗ്രഹവും ഉണ്ടാകില്ലെന്ന പേടി റൊണാൾഡോക്കുണ്ടെന്ന് യുഎഫ്‌സി താരം ഖബീബ്

Sreejith N
Juventus v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Claudio Villa./Getty Images
facebooktwitterreddit

ഫുട്ബോൾ താരങ്ങൾക്കുമപ്പുറം വലിയൊരു സൗഹൃദ വലയത്തിനുടമയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുഹൃത്തുക്കളിൽ പ്രധാനിയാണ് യുഎഫ്‌സി താരം ഖബീബ് നുർമാഗമെഡോവ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മുൻപ് പ്രചരിച്ചിരുന്നെങ്കിലും അവരുടെ ബന്ധത്തിന്റെ ആഴം ആരാധകർക്ക് അറിയുമായിരുന്നില്ല. ഇപ്പോൾ അത് വ്യക്തമാക്കി, റൊണാൾഡോയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഖബീബ്.

റൊണാൾഡോയോട് മിക്കവാറും എല്ലാ ദിവസവും സംസാരിക്കാറുണ്ടെന്നാണ് ഖബീബ് കഴിഞ്ഞ ദിവസം റഷ്യൻ യൂട്യൂബ് സ്റ്റാറായ ക്രസവയുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കിയത്. അതിനൊപ്പം റൊണാൾഡോ ജീവിതത്തിൽ പേടിക്കുന്ന ഒരു കാര്യമെന്താണെന്നും ഖബീബ് വെളിപ്പെടുത്തി.

"ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്, മിക്കവാറും എല്ലാ ദിവസവും. എന്നാൽ ഞങ്ങൾ കണ്ടിരുന്ന സമയത്ത് ഞങ്ങൾക്ക് ഈ പ്രചോദനം ലഭിച്ചത് എവിടെ നിന്നുമാണെന്നതിനെ കുറിച്ചാണ് സംസാരിച്ചിരുന്നത്. മകനെ തന്റെ പിൻഗാമിയാക്കി കൊണ്ടുവരാനാണ് റൊണാൾഡോക്ക് താൽപര്യം. ചെറുപ്പത്തിൽ ഒരു ജോഡി ബൂട്ടുകൾ ക്രിസ്റ്റ്യാനോക്ക് ഒരു സ്വപ്നം മാത്രമായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ മകന് എല്ലാ സൗകര്യങ്ങളുമുണ്ട്," ഖബീബ് പറഞ്ഞു.

"എന്നാൽ മകന് തനിക്കുണ്ടായിരുന്ന വീറും വാശിയും ആഗ്രഹവും ഉണ്ടാകില്ലെന്ന പേടി ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട്. ആളുകളെ മുന്നോട്ടു കൊണ്ടുപോകുന്നതു തന്നെ ഇതുപോലെയുള്ള ആഗ്രഹങ്ങളാണ്. നേടിയെടുക്കാനുള്ള ഇച്ഛയാണ്. നമുക്കെല്ലാം സ്വന്തമായുണ്ടാകുമ്പോൾ മുന്നേറാനുള്ള പ്രചോദനം കുറവായിരിക്കും."

ഫുട്ബോൾ ആരാധകനായ ഖബീബിന് പ്രൊഫെഷണൽ ഫുട്ബോൾ താരമാകാനുള്ള അവസരമുണ്ടായിരുന്നു. റഷ്യൻ മൂന്നാം ഡിവിഷൻ ക്ലബായ എഫ്‌സി കമാസാണ് താരത്തെ സോഷ്യൽ മീഡിയ വഴി ടീമിലേക്ക് ക്ഷണിച്ചത്. എല്ലാ പേപ്പർ വർക്കുകളും പൂർത്തിയായിട്ടുണ്ടെന്നും കരാറിൽ ഒപ്പിട്ടാൽ കളിച്ചു തുടങ്ങാമെന്നുമാണ് എഫ്‌സി കമാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


facebooktwitterreddit