Football in Malayalam

റൊണാൾഡോ അവസാന നിമിഷം യുവന്റസ് വിട്ടത് പോയിന്റുകൾ നഷ്‌ടപ്പെടാൻ കാരണമായെന്ന് ഇറ്റാലിയൻ ക്ലബിന്റെ വൈസ് ചെയർമാൻ

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Emilio Andreoli/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് യുവന്റസിനെ പ്രതികൂലമായി ബാധിച്ചുവെന്നും അത് പോയിന്റുകൾ നഷ്‌ടപ്പെടാൻ കാരണമായി എന്നും യുവന്റസിന്റെ വൈസ് ചെയർമാനും മുൻ താരവുമായ പാവേൽ നെദ്വെദ്. എന്നാൽ അതിനെ മറികടന്ന് ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ അല്ലെഗ്രിക്ക് കഴിയുമെന്നും അതിനുള്ള സമയം അദ്ദേഹത്തിനു മുന്നിലുണ്ടെന്നും മുൻ ചെക്ക് റിപ്പബ്ലിക്ക് താരം പറഞ്ഞു.

മൂന്നു വർഷങ്ങൾ യുവന്റസിനൊപ്പമുണ്ടായിരുന്ന റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. താരത്തിന് പകരക്കാരനായി മികച്ചൊരു താരത്തെ ടീമിലേക്ക് കൊണ്ടു വരാനുള്ള സമയം ലഭിക്കാതിരുന്ന യുവന്റസ് അതിനു ശേഷം കുറച്ചു മത്സരങ്ങളിൽ പതറിയെങ്കിലും ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്.

"അവസാനമാണ് ഞങ്ങൾ സീസണെ വിലയിരുത്തുക. ഇതു സീസണിന്റെ തുടക്കമാണ്, റൊണാൾഡോയുടെ അവസാന നിമിഷത്തിലുള്ള വിടവാങ്ങൽ ക്ലബ്ബിനെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങൾ ഒരു പ്രത്യേക ശൈലിയിൽ ക്ലബ്ബിനെ മുന്നോട്ടു കൊണ്ടു പോയതു കൊണ്ട് അത് മനസിലാക്കാൻ കഴിയുന്നതാണ്. അല്ലെഗ്രിക്ക് ടീമിനെ മാറ്റിയെടുക്കേണ്ടതുണ്ട്," നെദ്വെദ് ഡിഎസെഡ്എന്നിനോട് പറഞ്ഞു.

"താരം അവിടെയെത്തി, എന്നാൽ ആ സമയം ഞങ്ങളെ സഹായിക്കുന്നതല്ലാത്തതിനാൽ ഞങ്ങൾക്ക് കുറച്ചു പോയിന്റുകൾ നഷ്‌ടമായി. പരിശീലകന് വളരെ ദൈർഘ്യമേറിയ കരാറുണ്ട്, ആവശ്യമായ സമയവും. വ്യത്യസ്‌തമായ കളിക്കാരെയും ശൈലിയും ഉപയോഗിച്ച് ടീമിനു ബാലൻസ് കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നു."

"ഞങ്ങളുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് മാത്രമല്ല. സീരി എ കിരീടം കൂടിയാണ്. ഈ സീസൺ അവസാനിക്കുമ്പോൾ കഴിയുന്നത്ര ഉയരത്തിലെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. കഴിഞ്ഞ സീസണിൽ ഞങ്ങൾ നേടിയ കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പയുമുണ്ട്. രണ്ടു കിരീടങ്ങൾ നേടുന്നത് മോശമല്ല," അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ ലാസിയോക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയതോടെ യുവന്റസ് ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ലീഗിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത നാപ്പോളി 32 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അതെ പോയിന്റുള്ള എസി മിലാനാണ് രണ്ടാം സ്ഥാനത്ത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit