Football in Malayalam

വിയ്യാറയലിനെതിരെ ഇഞ്ചുറി ടൈമിലെ വിജയഗോൾ, ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തി റൊണാൾഡോ

Sreejith N
Manchester United v Villarreal CF: Group F - UEFA Champions League
Manchester United v Villarreal CF: Group F - UEFA Champions League / Laurence Griffiths/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തൊണ്ണൂറു മിനുട്ടിനു ശേഷം ഏറ്റവുമധികം തവണ വിജയഗോൾ നേടിയ താരമെന്ന സെർജിയോ അഗ്യൂറോയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിൽ സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിനെ ഇഞ്ചുറി ടൈമിൽ ജെസ്സെ ലിംഗാഡിന്റെ അസിസ്റ്റിൽ നേടിയ വിജയഗോളാണ് റെക്കോർഡ് നേട്ടത്തിനൊപ്പമെത്താൻ റൊണാൾഡോയെ സഹായിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്ത് മികച്ച പ്രകടനം നടത്തിയ വിയ്യാറയലിനെതിരെ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ചു പ്രീമിയർ ലീഗ് ക്ലബ് വിജയം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഇഞ്ചുറി ടൈമിലെ ഗോളിനു പുറമെ ബ്രസീലിയൻ താരം അലക്‌സ്‌ ടെല്ലസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലക്‌ഷ്യം കണ്ടത്.

ഇന്നലത്തെ ഗോളോടെ മൂന്നാമത്തെ തവണയാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ വിജയഗോൾ നേടുന്നത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന, നിലവിൽ ബാഴ്‌സയിൽ കളിക്കുന്ന സെർജിയോ അഗ്യൂറോയും ഇത്രയും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടിയിട്ടുണ്ട്.

റൊണാൾഡോ കൂടെയുള്ളത് ടീമിന് എല്ലായിപ്പോഴും സാധ്യതകൾ തുറക്കുമെന്നാണ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ പറഞ്ഞത്. വിയ്യാറയലിനെ നേരിടുക വളരെ കടുപ്പമാണെന്നും എന്നാൽ ഗോളിനു മുന്നിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോയുടെ സാന്നിധ്യം ടീമിനു ഗുണം നൽകിയെന്നും പരിശീലകൻ വ്യക്തമാക്കി.

പോർച്ചുഗലും അയർലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ റൊണാൾഡോ പിന്നീട് രണ്ടു ഹെഡർ ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ചതും സോൾഷെയർ ഓർമിപ്പിച്ചു. മത്സരത്തിൽ സജീവമായി തുടർന്ന് തന്റെ അവസരം വരുമ്പോൾ ഗോൾ കണ്ടെത്തുന്ന താരം അത് കരിയറിലുടനീളം കാഴ്‌ച വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിനിറങ്ങിയപ്പോൾ തന്നെ ഏറ്റവുമധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. മുൻ റയൽ മാഡ്രിഡ് താരമായ ഇകർ കാസിയസിന്റെ 177 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെന്ന റെക്കോർഡാണ് റൊണാൾഡോ പഴങ്കഥയാക്കിയത്.


facebooktwitterreddit