യങ് ബോയ്‌സിനെതിരായ മത്സരത്തിൽ മെസിയുടെയും കസിയസിന്റെയും റെക്കോർഡുകളുടെ ഒപ്പമെത്തി റൊണാൾഡോ

Sreejith N
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / Eurasia Sport Images/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിൽ കളിച്ച ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വിസ് ക്ലബായ യങ് ബോയ്‌സിനെതിരായ മത്സരത്തിനിറങ്ങിയപ്പോൾ തന്നെ റയൽ മാഡ്രിഡ് ഇതിഹാസതാരം ഇകർ കസിയസിന്റെ ഏറ്റവുമധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെന്ന റെക്കോർഡിനൊപ്പമെത്തിയ റൊണാൾഡോ മത്സരത്തിൽ നേടിയ ഗോളിലൂടെ ലയണൽ മെസിയുടെ മാത്രം പേരിലുണ്ടായിരുന്ന ഒരു റെക്കോർഡിനും പങ്കാളിയായി.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിനു ശേഷം റയൽ മാഡ്രിഡിനൊപ്പം നാലു യൂറോപ്യൻ കിരീടങ്ങൾ കൂടി ഉയർത്തിയിട്ടുള്ള റൊണാൾഡോ 2009നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി യൂറോപ്യൻ പോരാട്ടത്തിനിറങ്ങുന്നത്. ഇതുവരെ 177 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ കളിക്കാനിറങ്ങിയാണ് താരം സ്‌പാനിഷ്‌ ഗോൾകീപ്പർ ഇകർ കസിയസിന്റെ പേരിലുള്ള റെക്കോർഡ് പങ്കു വെക്കുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുന്നതോടെ ഈ റെക്കോർഡ് റൊണാൾഡോയുടെ മാത്രം പേരിലാകും.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ യങ് ബോയ്‌സിന്റെ വല കുലുക്കിയാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വ്യത്യസ്‌ത ടീമുകൾക്കെതിരെ ഗോളുകൾ നേടിയ കളിക്കാരനെന്ന ലയണൽ മെസിയുടെ റെക്കോർഡിനൊപ്പവും പോർച്ചുഗൽ നായകൻ എത്തുന്നത്. റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് യങ് ബോയ്‌സ്. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ ഗോൾ കൂടിയാണു റോണാൾഡോ കുറിച്ചത്. തുടർച്ചയായ പതിനേഴാമത്തെ സീസണിലാണ് താരം ചാമ്പ്യൻസ് ലീഗിൽ വലകുലുക്കുന്നതെന്ന പ്രത്യേകതയും ആ ഗോളിനുണ്ടായിരുന്നു.

എന്നാൽ റൊണാൾഡോയുടെ ഗോളിനും മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആരോൺ വാൻ ബിസാക്ക ചുവപ്പുകാർഡ് നേടി പുറത്തു പോയതോടെ പത്തു പേരായി ചുരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം ലിംഗാർഡിന്റെ പിഴവിൽ വഴങ്ങിയ ഗോളിലൂടെ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി വഴങ്ങുകയായിരുന്നു. ഇതു രണ്ടാമത്തെ തവണ മാത്രമാണ് സ്വിസ് ടീം ഒരു പ്രീമിയർ ലീഗ് ടീമിനെതിരെ വിജയം നേടുന്നത്.

facebooktwitterreddit